Friday, October 2, 2026

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും കൊളോണിയല്‍ പ്രൗഢിയുടെയും പ്രതീകമാണ്. നെഹ്‌റു പാര്‍ക്കിനും ടവര്‍ റോഡിനും സമീപം തലയുയര്‍ത്തി നിന്ന ഈ ഇരുനൂറ്റമ്പതയിലേറെ പഴക്കമുള്ള പൈതൃക കെട്ടിടത്തില്‍ കഴിഞ്ഞ ദിവസമാണ് തീപിടുത്തം ഉണ്ടായത്.

കൊച്ചിയിലെ പ്രമുഖ യഹൂദ കുടുംബങ്ങളിലൊന്നായ കോഡര്‍ കുടുംബവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഈ ചരിത്ര കെട്ടിടം. 1808-ല്‍ സാമുവല്‍ എസ്. കോഡറാണ് ഇന്നത്തെ രൂപത്തില്‍ ഈ മന്ദിരം പുനര്‍നിര്‍മ്മിച്ചത്. കൊച്ചിയില്‍ ആദ്യമായി വൈദ്യുതി എത്തിച്ച ‘കൊച്ചിന്‍ ഇലക്ട്രിക് കമ്പനിയുടെ’ അമരക്കാരിലൊരാളായ സാമുവല്‍ കോഡര്‍, അക്കാലത്തെ പ്രമുഖനായ വ്യവസായിയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖവ്യക്തിയുമായിരുന്നു. ഗവര്‍ണര്‍മാരും വിദേശ നയതന്ത്ര പ്രമുഖരും ഉള്‍പ്പെടെ ഒട്ടനവധി പ്രമുഖര്‍ കൊച്ചി സന്ദര്‍ശിക്കാനെത്തുമ്പോള്‍ അതിഥിയായി ആശ്രയിച്ചിരുന്ന ഇടം കൂടിയായിരുന്നു കോഡര്‍ ഹൗസ്.

പോര്‍ച്ചുഗീസ്, യൂറോപ്യന്‍ ശൈലികളും കേരളീയ തനിമയും ഇഴചേര്‍ന്ന മനോഹരമായ ഇന്തോ-യൂറോപ്യന്‍ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് കോഡര്‍ ഹൗസ്. മൂന്ന് നിലകളിലായി നിര്‍മ്മിച്ചിരിക്കുന്ന ഈ കെട്ടിടത്തിന്റെ ചുവപ്പ് ചുവരുകളും വെളുത്ത ജനലുകളും ഏറെ ആകര്‍ഷകമാണ്. കെട്ടിടത്തിനുള്ളിലെ വിശാലമായ തേക്ക് മരപ്പടികളും ഉയര്‍ന്ന മേല്‍ക്കൂരകളും പഴയകാല പ്രൗഢി വിളിച്ചോതുന്നവയാണ്. ഇവിടത്തെ ചില ജനല്‍ ചില്ലുകള്‍ അക്കാലത്ത് ബെല്‍ജിയത്തില്‍ നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്തതാണെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു.

കോഡര്‍ ഹൗസിന്റെ ഏറ്റവും കൗതുകകരമായ സവിശേഷതകളിലൊന്ന്, അതിലെ റോസ് ലെയ്നിന് മുകളിലൂടെ കടന്നുപോകുന്ന പഴയ മരത്തിന്റെ തൂക്കുപാലമാണ്. 1920-കളില്‍ നിര്‍മ്മിക്കപ്പെട്ട ഈ പാലം, മുഖ്യ കെട്ടിടത്തെ റോഡിന്റെ എതിര്‍വശത്തുണ്ടായിരുന്ന കുടുംബത്തിന്റെ പഴയ ഓഫീസ് കെട്ടിടവുമായി ബന്ധിപ്പിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. നൂറ്റാണ്ടുകള്‍ പിന്നിട്ട ഈ പൈതൃക മാളിക, 2005-ല്‍ കോഡര്‍ കുടുംബത്തിന്റെ കൈവശത്തുനിന്ന് മറ്റ് വ്യക്തികളുടെ ഉടമസ്ഥതയിലേക്ക് മാറുകയും തുടര്‍ന്ന് ഇതിന്റെ പൈതൃക ഘടന ഒട്ടും ചോര്‍ന്നുപോകാതെ ആഡംബര ഹെറിറ്റേജ് ഹോട്ടലായി മാറ്റിസ്ഥാപിക്കുകയും ചെയ്യുകയായിരുന്നു.

കോഡര്‍ ഹൗസിലുണ്ടായ തീപിടിത്തം ഫോര്‍ട്ട് കൊച്ചിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. മുകളിലെ നിലയില്‍ നിന്നും പൊട്ടിത്തെറി ശബ്ദവും പുകയും ഉയരുന്നത് കണ്ട് സമീപത്തെ ഹോട്ടല്‍ ജീവനക്കാരാണ് വിവരം അധികാരികളെ അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ശക്തമായ കടല്‍ക്കാറ്റ് തീ വേഗത്തില്‍ പടരാന്‍ കാരണമായി. സംഭവസമയത്ത് ഹോട്ടലില്‍ താമസിച്ചിരുന്ന വിനോദസഞ്ചാരികള്‍ പുറത്തായിരുന്നതിനാലും ജീവനക്കാരെയും മറ്റും പെട്ടെന്ന് തന്നെ ഒഴിപ്പിക്കാന്‍ കഴിഞ്ഞതിനാലും വലിയൊരു ജീവനാശം ഒഴിവാക്കാനായി. എങ്കിലും കെട്ടിടത്തിന്റെ വലിയൊരു ഭാഗവും ഉള്ളിലെ ചരിത്രപ്രാധാന്യമുള്ള വസ്തുക്കളും പൂര്‍ണ്ണമായും കത്തിനശിച്ചു.

Related Articles

Latest Articles