തിരുവനന്തപുരം: വീണ്ടും സർക്കാരിന്റെ കെടുകാര്യസ്ഥത. തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ ശമ്പളം മുടങ്ങി. പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, ജില്ലാ ജോയിൻറ് ഡയറക്ടർ ഓഫീസ് ഉൾപ്പടെയുള്ള ഓഫിസുകളിലെ ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയിരിക്കുന്നത്. മാർച്ച് മാസത്തിലെ ശമ്പളബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചെങ്കിലും മാറി നൽകാതെ തിരികെ വിടുകയായിരുന്നു.
ശമ്പള വിതരണത്തിനായി പുതിയ ഹെഡ് ഓഫ് അക്കൗണ്ട് എടുക്കാനും അത് വഴി ശമ്പളം നൽകാം എന്നുമാണ് ഫിനാൻസ് വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്‌തെങ്കിലും പ്രിൻസിപ്പൽ ഡയറകട്രേറ്റിൽ നിന്ന് ഇതിനായുള്ള നടപടികൾ ഒന്നും സ്വീകരിച്ചില്ല. ഇതോടെയാണ് ശമ്പള വിതരണം മുടങ്ങിയത് എന്നാണ് വിവരം.
എപ്രിൽ 1 , 2 തീയതികളിലായാണ് സാധാരണയായി ശമ്പളം നൽകുന്നത്. എന്നാൽ ഇത്തവണ ശമ്പളം എന്ന് കിട്ടുമെന്നത് അധികൃതർ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം എല്ലാ സർക്കാർ ജീവനക്കാരുടെയും ശമ്പളം മുടങ്ങിയിരുന്നു. എന്നാൽ ഇത്തവണ തദ്ദേശ വകുപ്പിന്റെ ശമ്പളമാണ് മുടങ്ങുന്നത്. ഇതെല്ലാം സർക്കാരിന്റെ വീഴ്ചയാണ് എന്നാണ് ജീവനക്കാർ പറയുന്നത്.

