Tuesday, May 21, 2024
spot_img

എക്സ് പ്ലാറ്റ്ഫോം നിരോധിച്ച് പാകിസ്ഥാൻ; രാജ്യത്ത് സമ്പൂർണ വിലക്ക്

ഇസ്‍ലാമാബാദ് ∙ സമൂഹമാദ്ധ്യമായ ‘എക്സ്’ (ട്വിറ്റർ) നിരോധിച്ച് പാകിസ്ഥാൻ. രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണു താൽക്കാലിക നിരോധനമെന്നു പാക്ക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എക്സിനു നിരോധനമുള്ളതായി അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും പാകിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണ്.

ഫെബ്രുവരി പകുതി മുതലേ എക്സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നു പാകിസ്ഥാനിലെ ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിരുന്നില്ല. ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ്, എക്സിന്റെ നിരോധനത്തെപ്പറ്റി സർക്കാർ വെളിപ്പെടുത്തിയത്.

ട്വിറ്റര്‍ എന്ന് വിളിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെക്കുറിച്ചുള്ള ഹര്‍ജികള്‍ കോടതിയിലും എത്തി. അടച്ചുപൂട്ടുന്നതിലൂടെ ആഭ്യന്തര മന്ത്രാലയം എന്താണ് നേടുന്നത്, ലോകം നമ്മെ നോക്കി ചിരിക്കും ഹൈക്കോടതി ജഡ്ജി പറഞ്ഞതായി പാക്കിസ്ഥാനില്‍ നിന്നുള്ള വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘‘പാക്ക് സർക്കാരിന്റെ നിയമങ്ങൾ പാലിക്കുന്നതിലും സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം തടയുന്നതിലും പരാജയപ്പെട്ടതിനാൽ എക്സിനെ നിരോധിക്കാൻ നിർബന്ധിതമായി’’ എന്നാണു സത്യവാങ്മൂലത്തിൽ ആഭ്യന്തര മന്ത്രാലയം പറയുന്നത്. ഫെബ്രുവരി 17 മുതൽ എക്സ് ലഭ്യമായിരുന്നില്ലെന്നു പാക്ക് മാദ്ധ്യാമമായ ഡോൺ റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles