Tuesday, April 30, 2024
spot_img

വൈകാതെ ഭാരതം നക്‌സല്‍ വിമുക്തമാകും,കമ്യൂണിസ്റ്റ് ഭീകരതയെ വേരോടെ പിഴുതെറിയും;മാവോവാദി വിരുദ്ധ നടപടികളിൽ സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ

ദില്ലി : ഛത്തീസ്​ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച സുരക്ഷാ സേനയ്‌ക്ക് പ്രശംസയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കമ്യൂണിസ്റ്റ് ഭീകരതയെ രാജ്യത്ത് നിന്നും വേരോടെ പിഴുതെറിയുമെന്നും അമിത് ഷാ പറഞ്ഞു. സുരക്ഷാസേന സംസ്ഥാനത്ത് വലിയ വിജയം കൈവരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘ഛത്തീസ്​ഗഡിലെ സുരക്ഷാസേന കഴിഞ്ഞ ദിവസം വൻ വിജയമാണ് കൈവരിച്ചത്. നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിന് പിന്നാലെ ബി ജെ പി സര്‍ക്കാര്‍, നക്സലിസത്തിനും ഭീകരതയ്‌ക്കും എതിരെയുള്ള പ്രചാരണങ്ങളാണ് നടത്തുന്നത്. 2014 മുതൽ സുരക്ഷാ ക്യാമ്പുകൾ സ്ഥാപിച്ചു. 2019-ന് ശേഷം കുറഞ്ഞത് 250 ക്യാമ്പുകളെങ്കിലും സുരക്ഷാസേന ഛത്തീസ്​ഗഡിൽ സ്ഥാപിച്ചു. കമ്യൂണിസ്റ്റ് ഭീകരർക്കെതിരായ പോരാട്ടത്തിൽ സുരക്ഷാ സേനയ്‌ക്ക് മുമ്പത്തെക്കാൾ പിന്തുണയും ലഭിക്കുന്നുണ്ട്.

ഛത്തീസ്​ഗഡിൽ ബിജെപി സർക്കാർ അധികാരത്തിലേറി മൂന്നുമാസത്തിനകം എൺപതിലധികം കമ്യൂണിസ്റ്റ് ഭീകരരെയാണ് വധിച്ചത്. 125-ൽ അധികം കമ്യൂണിസ്റ്റ് ഭീകരരെ അറസ്റ്റ് ചെയ്തു. 150-ല്‍ അധികം പേർ കീഴടങ്ങി. കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരെയുള്ള നടപടികളിൽ ഇനിയും മുന്നോട്ട് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികം വൈകാതെ കമ്യൂണിസ്റ്റ് ഭീകരതയെ രാജ്യത്ത് നിന്നും വേരോടെ പിഴുതെറിയും.’- അമിത് ഷാ പറഞ്ഞു.

രാജ്യം അടുത്തകാലത്തായി സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ഭീകരവേട്ടയാണ് കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ നടന്നത്. ഓപ്പറേഷനിൽ പങ്കെടുത്ത സുരക്ഷാ ഉദ്യോഗസ്ഥരെ പ്രശംസിച്ച് പ്രധാനമന്ത്രി അടക്കം രംഗത്ത് വന്നിരുന്നു. എൻകൗണ്ടർ സ്പെഷലിസ്ററായ ലക്ഷ്മൺ കേവാത്താണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിൽ 29 കമ്യൂണിസ്റ്റ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.

Related Articles

Latest Articles