ബംഗളൂരു: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ജർമ്മനിയിലേക്ക് കടന്ന ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണ ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി റിപ്പോര്‍ട്ട്. മെയ് 30 ന് ഉച്ചയ്ക്ക് 12:30ന് മ്യൂണിക്കിൽ നിന്നുള്ള ലുഫ്താൻസ എയർ വിമാന ടിക്കറ്റാണ് പ്രജ്ജ്വൽ ബുക്ക് ചെയ്തതിരിക്കുന്നതെന്നാണ് വിവരം. ഈ വിമാനം മെയ് 31- പുലര്‍ച്ചെ 12:00 ഓടുകൂടി ബംഗളൂരുവില്‍ എത്തിച്ചേരും.
മെയ് 31 ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്ന് അറിയിച്ചുകൊണ്ട് ഇറക്കിയ വീഡിയോ സന്ദേശത്തില്‍ പ്രജ്വല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജര്‍മ്മനിയില്‍ നിന്ന് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ഇതിനുമുമ്പ് രണ്ടു തവണ റദ്ദാക്കിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചതിന് പിന്നാലെയാണ് പ്രജ്ജ്വല്‍ നാട്ടിലേക്ക് മടങ്ങി വരുന്നത്.കർണാടക സർക്കാരിന്റെ അഭ്യർഥനയെ തുടർന്ന് പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടി മന്ത്രാലയം ആരംഭിച്ചത്. പാസ്‌പോര്‍ട്ട് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് എംഇഎ വെള്ളിയാഴ്ച പ്രജ്ജ്വലിന് നോട്ടീസും അയച്ചിരുന്നു. 1967-ലെ പാസ്‌പോര്‍ട്ട് ആക്ട് പ്രകാരമാണ് എംഇഎ നടപടി. പാസ്‌പോര്‍ട്ട് റദ്ദാക്കപ്പെട്ടാല്‍ പിന്നെ പ്രജ്ജ്വലിന് വിദേശത്ത് തുടരുന്നത് പ്രയാസമാകും. പാസ്‌പോര്‍ട്ടില്ലാതെ തങ്ങുന്നതിന് പ്രജ്ജ്വലിന് അയാള്‍ ഏതു രാജ്യത്താണോ ഉള്ളത് ആ രാജ്യത്തെ നിയമ നടപടികൾ നേരിടേണ്ടിവരും. മേയ് 31-ന് പ്രത്യേക അന്വേഷണ വിഭാഗത്തിന് മുന്നിൽ ഹാജരാകുമെന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പ്രജ്ജ്വൽ പറഞ്ഞു.
അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും പ്രജ്ജ്വല്‍ ഹാജരാകാത്ത സാഹചര്യത്തിൽ നേരത്തെ 33 കാരനായ പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു.
ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്ജ്വൽ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെയാണ് പ്രജ്ജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടത്. പ്രജ്ജ്വൽ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ വെച്ചാണ് വിഡിയോകൾ ചിത്രീകരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പ്രജ്ജ്വലിനെതിരേ അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്. ഇന്റര്‍പോളിനെക്കൊണ്ട് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കാനായെങ്കിലും പ്രജ്ജ്വലിനെ തിരികെയെത്തിക്കാൻ സാധിച്ചിരുന്നില്ല.

