Monday, October 5, 2026

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും അടിച്ചുതകര്‍ക്കലും ഉണ്ടായതായി യു.എസ് ആസ്ഥാനമായുള്ള ഹിന്ദു സംഘടന വ്യക്തമാക്കി. വടക്കേ അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മയായ ‘കോഹ്ന’യുടെ (CoHNA) റിപ്പോര്‍ട്ട് അനുസരിച്ച്, വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് റിച്ച്ന്ദ് ഹൈറ്റ്‌സിലെ ശ്രീ സ്വാമിനാരായണ്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായത്. പൂജാരിമാരും ചില ഭക്തരും ക്ഷേത്രത്തിനകത്ത് ഉണ്ടായിരുന്ന സമയത്താണ് ഈ സംഭവം. എന്നാല്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

റിച്ച്ന്ദ് ഹൈറ്റ്‌സ് മേയര്‍ കിം തോമസിനെയും നഗര അധികാരികളെയും സംഭവത്തെ അപലപിക്കാനും, കുറ്റവാളിക്കെതിരെ വേഗത്തിലുള്ള പോലീസ് നടപടി സ്വീകരിക്കാനും സംഘടന ആവശ്യപ്പെട്ടു. ഇത്തരം വര്‍ഗീയതയെ അപലപിക്കാന്‍ മേയറും റിച്ച്ന്ദ് ഹൈറ്റ്‌സ് പൊലീസും തയ്യാറാകണമെന്ന് അവര്‍ എക്‌സ് (X) പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഹിന്ദു അമേരിക്കന്‍ കമ്മ്യൂണിറ്റിക്കെതിരെ വര്‍ധിച്ചുവരുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ വിദ്വേഷ കുറ്റകൃത്യം ഉണ്ടായിരിക്കുന്നതെന്ന് ‘ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍’ (HAF) എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍, ഹിന്ദു അമേരിക്കന്‍ സമൂഹങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണങ്ങളെ പരസ്യമായും സംശയരഹിതമായും അപലപിക്കാന്‍ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളോടും സര്‍ക്കാര്‍ ഏജന്‍സികളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു എന്ന് സംഘടന വ്യക്തമാക്കി.

ഈ സംഭവം യാഥാര്‍ത്ഥ്യമാണെന്നും, ഓണ്‍ലൈന്‍ വിദ്വേഷം ഇപ്പോള്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരായ യഥാര്‍ത്ഥ ലോക ആക്രമണമായി മാറിയിരിക്കുകയാണെന്നും എച്ച്.എ.എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുഹാഗ് ശുക്ല പറഞ്ഞു. വീഡിയോ പരിശോധിച്ച് പ്രതിയെ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനുള്ളില്‍ നവരാത്രി ഉത്സവത്തോടൊപ്പം ഹിന്ദു പൈതൃക മാസം (Hindu Heritage Month) ആഘോഷിക്കാന്‍ ഒഹിയോയിലെ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം തയ്യാറെടുക്കുന്നതിനിടയിലാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.

ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള ശ്രീ തുളസി മന്ദിറിലെ ഗാന്ധി പ്രതിമ തകര്‍ത്തത് (ആഗസ്റ്റ് 2022), കാലിഫോര്‍ണിയയിലെ നെവാര്‍ക്കിലുള്ള എസ്.എം.വി.എസ് ശ്രീ സ്വാമിനാരായണ്‍ മന്ദിറിലെ ചുവരെഴുത്തുകള്‍ (ഡിസംബര്‍ 2023), കൂടാതെ 2024-ല്‍ ന്യൂയോര്‍ക്കിലെയും കാലിഫോര്‍ണിയയിലെയും ബി.എ.പി.എസ് (BAPS) ക്ഷേത്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ ഉള്‍പ്പെടെ യു.എസിലെ വിവിധ ഹൈന്ദവ ആരാധനാലയങ്ങള്‍ക്ക് നേരെയുണ്ടായ ഇത്തരം അതിക്രമങ്ങള്‍ ഹിന്ദു സംഘടനകള്‍ ഇതിനുമുമ്പും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കാലിഫോര്‍ണിയയിലെ ചിനോ ഹില്‍സിലുള്ള ബി.എ.പി.എസ് ക്ഷേത്രവും വിദ്വേഷ സന്ദേശങ്ങള്‍ എഴുതി വികൃതമാക്കിയിരുന്നുവെന്ന് സംഘടന കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles