ദില്ലി : റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യ-ഫ്രാൻസ് രണ്ടാം ഘട്ട ചർച്ചകൾ ആരംഭിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ആർമമെൻ്റിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഫ്രഞ്ച് പ്രതിനിധി സംഘമാണ് ചർച്ച നടത്തുന്നത്. ഇന്ത്യൻ വ്യോമസേനയ്ക്ക് 26 റഫാൽ യുദ്ധവിമാനങ്ങളാകും രണ്ടാം ഘട്ടത്തിൽ ലഭിക്കുന്നത്. 50,000 കോടിയിലധികം രൂപയാണ് ഇതിന്റെ നിർമാണ ചെലവ്.
തിങ്കളാഴ്ച ആരംഭിച്ച ചർച്ചകൾ പത്ത് ദിവസത്തോളം നീളുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. പ്രത്യേക ലാൻഡിംഗ് ഗിയർ ഉൾപ്പെടെ സമുദ്രത്തിലെ പ്രവർത്തനങ്ങൾ സുഗമമാക്കും വിധത്തിലുള്ള യുദ്ധവിമാനമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. അസ്ത്ര എയർ-ടു-എയർ മിസൈൽ, ലാൻഡിംഗ് ഉപകരണങ്ങൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ പോലുള്ള ഇന്ത്യൻ ആയുധങ്ങളുടെ സംയോജനം ഉൾക്കൊള്ളുന്ന സമഗ്രമായ പാക്കേജാണ് ഫ്രാൻസ് ഭാരതത്തിനായി തയാറാക്കുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഐഎൻഎസ് ദേഗ ഹോം ബേസ് ആയി പ്രവർത്തിക്കും. ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നിവയുൾപ്പെടെയുള്ള വിമാനവാഹിനിക്കപ്പലുകളിൽ നിന്നാകും റഫാൽ വിമാനം പ്രവർത്തിപ്പിക്കുക.

