Monday, November 2, 2026

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച് ‘എൻവിഎസ്-03’ (NVS-03) ഉപഗ്രഹത്തെ ഐഎസ്ആർഒ വിജയകരമായി നിർദ്ദിഷ്ട ഭ്രമണപഥത്തിൽ എത്തിച്ചു. സ്വന്തമായി വികസിപ്പിച്ചെടുത്ത ആറ്റോമിക് ക്ലോക്കിന്റെ പിന്തുണയോടെ ഭാരതത്തിന്റെ സ്വന്തം നാവിഗേഷൻ സംവിധാനമായ ‘നാവിക്’ (NavIC) കൂടുതൽ കാര്യക്ഷമമാകുന്ന ഈ അഭിമാനകരമായ നിമിഷം ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഭാരതത്തിന്റെ മാറ്റ് വർദ്ധിപ്പിച്ചു. എന്നാൽ, ശാസ്ത്രലോകം ഒന്നടങ്കം ഭാരതത്തെ പ്രശംസിക്കുമ്പോഴും രാജ്യത്തിന്റെ ഈ ചരിത്ര നേട്ടത്തെ അഭിനന്ദിക്കാൻ പോലും തയ്യാറാകാതെ പൂർണ്ണമായും അവഗണിക്കുകയാണ് പ്രതിപക്ഷ കക്ഷികൾ ചെയ്തത്.

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അരവിന്ദ് കെജ്രിവാൾ, മമത ബാനർജി, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളാരും തന്നെ ശാസ്ത്രജ്ഞരുടെ ഈ മഹാവിജയത്തെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി ശബ്ദിക്കുന്നു എന്ന് അവകാശപ്പെടുന്നവർ, ഭാരതം കൈവരിച്ച ഈ യഥാർത്ഥ നേട്ടത്തെ മനഃപൂർവം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. സപ്രിയ ശ്രീനാഥെ, പവൻ ഖേര, പ്രകാശ് രാജ് തുടങ്ങിയ പ്രതിപക്ഷത്തെ സൈബർ വക്താക്കളും രാജ്യത്തിന് അഭിമാനകരമായ ഈ മുന്നേറ്റത്തിന് നേരെ പൂർണ്ണ മൗനം പാലിക്കുകയാണ് ചെയ്തത്.

ദേശീയ താല്പര്യങ്ങളേക്കാളും ശാസ്ത്രീയ മുന്നേറ്റങ്ങളേക്കാളും ഉപരിയായി വെറും രാഷ്ട്രീയ താല്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന പ്രതിപക്ഷത്തിന്റെ ഇടുങ്ങിയ ചിന്താഗതിയാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ബഹിരാകാശ സാങ്കേതികവിദ്യയിൽ ഭാരതം സ്വയംപര്യാപ്തത നേടുന്നത് അന്ധമായ മോദി വിരോധം മൂലം അംഗീകരിക്കാൻ ഇവർ മടിക്കുകയാണ്.

Related Articles

Latest Articles