Sunday, July 14, 2024
spot_img

ത്രിപുരയുടെ വടക്കുകിഴക്കൻ മേഖലയിൽ എച്ച്ഐവി വ്യാപനം !! 47 വിദ്യാർത്ഥികൾ മരിച്ചു ! ദിനം പ്രതി റിപ്പോർട്ട് ചെയ്യുന്നത് 5 കേസുകൾ ; ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി

ത്രിപുരയിലെ വടക്കുകിഴക്കൻ മേഖലയിലെ വിദ്യാർഥികൾക്കിടയിൽ എച്ച്ഐവി അതിവേഗം വ്യാപിക്കുന്നതായി കണ്ടെത്തൽ. രാസലഹരി കുത്തിവെപ്പിനുപയോഗിക്കുന്ന സിറിഞ്ചിലൂടെയാണ് വൈറസ് അതിവേഗം വ്യാപിച്ചത് എന്നാണ് നിഗമനം. ദിനംപ്രതി അഞ്ച് എച്ച്ഐവി കേസുകളാണ് ത്രിപുരയിൽ റിപ്പോർട്ട് ചെയ്യുന്നത്. വൈറസ് ബാധ മൂലം ഇതിനകം 47 വിദ്യാർഥികൾ മരിച്ചു. 828 പേരെയാണ് രോ​ഗം ബാധിച്ചത്. ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാ​ഗമായി സംസ്ഥാനത്തിന് പുറത്തേക്ക് പോയവരാണ് രോ​ഗബാധിതരിലേറെയും. 220 സ്കൂളുകൾ, 24 കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് രോ​ഗം സ്ഥിരീകരിച്ചത്. ത്രിപുര ജേർണലിസ്റ്റ് യൂണിയൻ, വെബ് മീഡിയ ഫോറം, ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച വർക്ഷോപ്പിലാണ് സംസ്ഥാനത്തെ എച്ച്.ഐ.വി. സാഹചര്യം വിലയിരുത്തിയത്.

2024 മേയ് വരെ 8729 ആക്റ്റീവ് എച്ച്ഐവി. കേസുകളാണ് ആന്റിറെട്രോവൈറൽ തെറാപ്പി സെന്ററുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ 5,674 പേർ ജീവിച്ചിരിപ്പുണ്ട്. അതിൽ 4,570 പുരുഷന്മാരും 1,103 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറുമാണുള്ളത്.

എന്താണ് എച്ച്ഐവി

മനുഷ്യശരീരത്തിലെ രോഗപ്രതിരോധശക്തിയെ കാർന്നുതിന്നുന്ന വൈറസാണ് എച്ച്.ഐ.വി. (Human Immuno deficiency Virus). ഈ വൈറസ് മനുഷ്യശരീരത്തിന്റെ സമഗ്രമായ പ്രതിരോധശക്തിയെ നശിപ്പിക്കുന്ന അവസ്ഥയാണ് എയ്‌ഡ്സ് (Acquired Immuno deficiency Syndrome).

മനുഷ്യന്റെ പ്രതിരോധശക്തിയെ നിയന്ത്രിക്കുന്ന രക്തത്തിന്റെ അടിസ്ഥാനഘടകമാണ് CD4 കോശങ്ങൾ. ആരോഗ്യവാനായ ഒരു വ്യക്തിയിൽ ഒരു മില്ലിലിറ്റർ രക്തത്തിൽ 500 മുതൽ 1500 വരെ CD4 കോശങ്ങൾ കാണും. എയ്‌ഡ്സ് ബാധിച്ച രോഗിയിൽ CD4 കോശങ്ങൾ 200ൽ താഴുകയും ഏതെങ്കിലും ഒന്നോ രണ്ടോ സാന്ദർഭിക രോഗങ്ങൾക്ക് ഒരേസമയം അടിമയാകുകയുംചെയ്യും.

എച്ച്ഐവി.ബാധിതനായ ഒരാൾ എയ്‌ഡ്സ് രോഗിയാകാൻ എട്ട് മുതൽ 15 വർഷംവരെ എടുക്കും. പലരിലും ഈ കാലയളവ് വ്യത്യാസപ്പെട്ടിരിക്കും. എച്ച്ഐവി ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണപ്പെടുന്നതുവരെയുള്ള കാലയളവിനെ ഇൻകുബേഷൻ പീരിയഡ് എന്നുപറയുന്നു. എച്ച്.ഐ.വി. ബാധിതനെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ നിരവധി വർഷങ്ങൾ കാണും. എയ്‌ഡ്സ് എന്ന അവസ്ഥയിലെത്തിയാൽ ജീവിതചക്രം ഒന്നോ രണ്ടോ വർഷമായിരിക്കും.

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയാണ് എച്ച്ഐവി. പ്രധാനമായും പകരുന്നത്. എച്ച്ഐവി ബാധിച്ച പുരുഷന്റെ ശുക്ലത്തിലും സ്ത്രീയുടെ യോനീസ്രവങ്ങളിലും ഈ വൈറസ് ധാരാളമായിക്കാണുന്നു.
എച്ച്ഐവി ബാധിച്ച വ്യക്തിയുടെ രക്തവും രക്തഘടകങ്ങളും സ്വീകരിക്കുക വഴി രോഗം പകരാം. ലഹരിമരുന്ന് കുത്തിവെപ്പിലൂടെയും രോഗം പകരാം. എച്ച്ഐവി ബാധിതനായ അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഗർഭാവസ്ഥയിലും പ്രസവസമയത്തും മുലയൂട്ടുന്ന സമയത്തും രോഗാണുക്കൾ പകരാം. രോഗലക്ഷണങ്ങൾ കണ്ടതുകൊണ്ടുമാത്രം ഒരാൾക്ക് എയ്‌ഡ്സാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കില്ല. കാരണം, ഇത്തരം ലക്ഷണങ്ങൾ മറ്റുപല രോഗങ്ങളാലും കാണപ്പെടാം. തുടക്കത്തിൽ എച്ച്.ഐ.വി. ബാധിതർ യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും കാണിക്കാറില്ല. പൂർണ ആരോഗ്യവാനായി ഒരുപക്ഷേ 10-12 വർഷം ജീവിച്ചെന്നിരിക്കും.

കാലക്രമേണ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും മരണത്തിന് കീഴ്പ്പെടുകയും ചെയ്യും. കഴുത്ത്, കക്ഷം, തുടഭാഗം എന്നിവിടങ്ങളിലെ ലിംഫ്ഗ്രന്ഥികൾ വീർക്കുന്നു. ശരീരഭാരം പെട്ടെന്ന് കുറയുന്നു. ദീർഘനാളത്തെ പനി, വയറിളക്കം, വിട്ടുമാറാത്ത ചുമ എന്നിവയുണ്ടാകുന്നു. വായിൽ വെളുത്ത പൂപ്പലുകൾ പ്രത്യക്ഷപ്പെടുകയും ഓർമക്കുറവ് ഉണ്ടാവുകയുംചെയ്യുന്നു.

ഏലിസ, വെസ്റ്റേൺ ബ്ലോട്ട് എന്നിവയാണ് പ്രധാന ടെസ്റ്റുകൾ. സംസ്ഥാനത്തെ മിക്ക മെഡിക്കൽ കോളേജുകളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്.

Related Articles

Latest Articles