Sunday, December 28, 2025

കോണ്‍ഗ്രസ്സ് ചന്തയല്ല; പരസ്യപ്രചരണം നടത്തുന്നവര്‍ പടിക്ക് പുറത്തെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിപ്പുറപ്പെട്ട ചേരിപ്പോരിനെതിരെ ആഞ്ഞടിച്ച് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. പരസ്യ പ്രസ്താവന വിലക്കിയിട്ടും നേതാക്കള്‍ പരസ്പരം പഴിചാരുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ്സ് ചന്തയല്ലെന്ന് ഓര്‍ക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ സംഭവിച്ച തോല്‍വി ഈ മാസം 30ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി വിശദമായ ചര്‍ച്ചചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് ജില്ലകളിലും ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ അടിയന്തരയോഗം വിളിച്ച് പാർട്ടിക്ക് ക്ഷീണം തട്ടാനുള്ള കാരണങ്ങൾ വിശകലനം ചെയ്യും. ഈ വിഷയത്തില്‍ അതിനപ്പുറമൊരു ചര്‍ച്ചയില്ല. പാര്‍ട്ടിയൊരു ചന്തയാക്കി മാറ്റാന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെടുത്തുമെന്നും മുല്ലപ്പള്ളി അറിയിച്ചു.

“ഇനി ആരെങ്കലും പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയാല്‍ അത് ഗുരുതരമായ അച്ചടക്കലംഘനമായി നോക്കിക്കാണും. എല്ലാ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്”- മുല്ലപ്പള്ളി പറഞ്ഞു.

Related Articles

Latest Articles