Monday, September 21, 2026

വരും തലമുറകളുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന ഗായകൻ; മലയാളികളുടെ പ്രിയപ്പെട്ട പി ജയചന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; അനുശോചനം അറിയിച്ച് ബംഗാൾ ഗവർണർ സി വി ആനന്ദബോസും

അനുഗ്രഹീത ഗായകൻ പി. ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രൻ്റേതെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു. സംഗീത രംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ അനുസ്മരിച്ച് സമൂഹമദ്ധ്യമങ്ങളിൽ കുറിപ്പ് എഴുതുകയായിരുന്നു പ്രധാനമന്ത്രി.

വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും. ജയചന്ദ്രന്റെ വിയോഗത്തിൽ ദുഖമുണ്ടെന്നും കുടുംബത്തിന്റെയും ആരാധകരുടെയും വിഷമത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ പശ്ചിമബംഗാൾ ഗവർണർ ഡോ സിവി.ആനന്ദ ബോസും അനുശോചിച്ചു. ഭാവസാന്ദ്രമായ മാന്ത്രിക ശബ്ദം കൊണ്ട് തെന്നിന്ത്യൻ സംഗീതത്തിന് നിത്യസുഗന്ധം പകർന്ന അനശ്വരഗായകനായിരുന്നു പി ജയചന്ദ്രനെന്നും പ്രണയത്തിലും വിരഹത്തിലും ഭക്തിയിലുമെല്ലാം മലയാളികളുടെ ഹൃദയത്തിലും ചുണ്ടിലും എന്നും കൂട്ടായി നിലകൊണ്ട ആ മാന്ത്രിക ശബ്ദം കാലാതിവർത്തിയായി നിലകൊള്ളുമെന്ന് അനുശോചന സന്ദേശത്തിൽ ആനന്ദബോസ് പറഞ്ഞു

വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് പി.ജയചന്ദ്രന്‍ അന്തരിച്ചത്. ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related Articles

Latest Articles