Friday, October 16, 2026

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും തുടര്‍ന്നുള്ള പ്രതിസന്ധിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നു. കന്നിമാസ പൂജകള്‍ക്കായി നടതുറന്ന വേളയില്‍ അരവണ ഉല്‍പ്പാദനം നിലയ്ക്കുകയും ഭക്തര്‍ക്ക് ഒരു ടിന്‍ അരവണയായി വിതരണം ചുരുക്കേണ്ടിവരികയും ചെയ്ത സാഹചര്യം കേവലം ഒരു സാങ്കേതിക തടസ്സമല്ല, മറിച്ച് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയുടെയും ആസൂത്രണമില്ലായ്മയുടെയും ആഴം വ്യക്തമാക്കുന്നതാണ്.

വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെയും ബോര്‍ഡ് പ്രസിഡന്റിനെയും പരസ്യമായി രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ദേവസ്വം മന്ത്രി കെ. മുരളീധരന്‍ രംഗത്തെത്തിയത് ഭരണതലത്തില്‍ ബോര്‍ഡിനോടുള്ള കടുത്ത അതൃപ്തിയുടെ ആഴം വെളിപ്പെടുത്തുന്നു. സന്നിധാനത്ത് നട അടച്ചിട്ടിരുന്ന മാസങ്ങളില്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന അരവണ പ്ലാന്റിലെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍, ഭക്തരെത്തുന്ന മാസപൂജാ വേളയിലേക്ക് മാറ്റിവെച്ചത് ഗുരുതര അനാസ്ഥയായി കരുതേണ്ടതാണ്.

കഴിഞ്ഞ 20 ദിവസമായി പ്ലാന്റിലെ പ്രവര്‍ത്തികള്‍ കാരണം ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പ്ലാന്റ് അടച്ചിടുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ക്ഷാമം മുന്‍കൂട്ടി കണ്ട് ആവശ്യത്തിന് കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ ബോര്‍ഡിനായില്ല. പ്രതീക്ഷിച്ചതിലും കൂടുതല്‍ ഭക്തരെത്തി എന്ന വിശദീകരണമാണ് ബോര്‍ഡ് നല്‍കുന്നതെങ്കിലും, ഭക്തജനത്തിരക്ക് മുന്‍കൂട്ടി കാണേണ്ടത് ദേവസ്വം ബോര്‍ഡിന്റെ പ്രാഥമിക ചുമതലയാണെന്നിരിക്കെ ഈ ന്യായീകരണം ഭരണകേന്ദ്രങ്ങള്‍ തള്ളിക്കളയുകയാണ്.

ശബരിമലയിലെ ഏത് ചെറിയ വീഴ്ചയും ആത്യന്തികമായി ബാധിക്കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെയാണെന്ന യാഥാര്‍ത്ഥ്യമാണ് മന്ത്രിയുടെ കടുത്ത നിലപാടിന് പിന്നില്‍. നട തുറന്നിരിക്കുന്ന സമയത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബോര്‍ഡിന്റെ തീരുമാനം ഒരു വലിയ മാനേജ്‌മെന്റ് പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ സ്ഥിതി മണ്ഡലകാലത്താണ് ആവര്‍ത്തിക്കുന്നതെങ്കില്‍ ഉണ്ടാകാവുന്ന ഭക്തജനരോഷം സര്‍ക്കാരിന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരിക്കും. ഭക്തജന സംഘടനകളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഒരുപോലെ വിമര്‍ശനം നേരിടുന്ന ദേവസ്വം ബോര്‍ഡിന്, വരാനിരിക്കുന്ന മണ്ഡലകാലം കുറ്റമറ്റ രീതിയില്‍ സംഘടിപ്പിക്കുക എന്നത് ഒരു വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Related Articles

Latest Articles