പൊതുപരിപാടിക്കിടെ പ്രമുഖ കൊറിയന്‍ മ്യൂസിക് ബാന്‍ഡായ ബിടിഎസിന്റെ ഗായകനെ ചുംബിച്ച സംഭവത്തില്‍ യുവതിക്കെതിരേ കേസെടുത്ത് ദക്ഷിണ കൊറിയന്‍ പോലീസ്. പൊതുപരിപാടിക്കിടെ ലൈംഗികാതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം .ബിടിഎസ് താരം ജിന്നിനെ അനുവാദമില്ലാതെയാണ് ചുംബിച്ചതെന്നും യുവതിയെ ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചെന്നുമാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുവതി ഇപ്പോള്‍ ജപ്പാനിലാണുള്ളത്
കഴിഞ്ഞ വര്‍ഷം ദക്ഷിണകൊറിയൻ തലസ്ഥാനമായ സിയോളില്‍ വെച്ച് നടന്ന പരിപാടിക്കിടെയാണ് സംഭവം.18 മാസത്തെ നിര്‍ബന്ധിത സൈനികസേവനത്തിന് ശേഷമുള്ള ബിടിഎസ് താരത്തിന്റെ ആദ്യ പൊതുപരിപാടികൂടിയായിരുന്നു അത്. പരിപാടിയില്‍ ജിന്‍ ആയിരത്തോളം ആരാധകരെ കെട്ടിപ്പിടിച്ചിരുന്നു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് ജിന്നിന്റെ ആലിംഗനമേറ്റുവാങ്ങിയത്. ഇതിനിടെ യുവതി കെട്ടിപ്പിടിക്കുന്നതിന് പകരം ബിടിഎസ് താരത്തിന്റെ മുഖത്ത് ചുംബിക്കുകയായിരുന്നു. ഇതാണ് വിവാദത്തിന് വഴിവെച്ചത്. സംഭവത്തില്‍ മറ്റൊരു ബിടിഎസ് ആരാധകന്‍ യുവതിക്കെതിരേ പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്.

