കേരള സർവകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായ അദ്ധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോർട്ട്. വൈസ് ചാൻസലറുടെ തീരുമാനമാകും നിർണ്ണായകമാവുക. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് അദ്ധ്യാപകനായ പി പ്രമോദിനെതിരെയാണ് നടപടി. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് പൂജപ്പുര ഐസിഎം കോളജിൽ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ ചുമതലപ്പെടുത്തിയിരുന്ന അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ബൈക്കിൽ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോർട്ട്.
ഉത്തരക്കടലാസ് നഷ്ടമായ സാഹചര്യത്തിൽ നടത്തിയ പുനഃപരീക്ഷ ഇന്നലെ പൂർത്തിയായി. പരീക്ഷ എഴുതേണ്ടിയിരുന്ന 71 വിദ്യാർത്ഥികളിൽ 65 പേരും പരീക്ഷയ്ക്കെത്തി. 2022-2024 എംബിഎ ഫിനാൻസ് ബാച്ചിലെ പ്രൊജക്ട് ഫിനാൻസ് വിഷയത്തിലായിരുന്നു പുനഃപരീക്ഷ. മൂല്യനിർണയത്തിന് ശേഷം മൂന്ന്, നാല് സെമസ്റ്ററുകളിലെ ഫലം പ്രഖ്യാപിക്കും. ഇന്ന് പരീക്ഷ എഴുതാൻ സാധിക്കാതിരുന്നവർക്ക് 22ആം തീയതി വീണ്ടും പരീക്ഷ നടത്തും.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലയിലെ പരീക്ഷകളുടെ മൂല്യനിർണയം കേന്ദ്രീകൃത സംവിധാനമാക്കി മാറ്റാനും തീരുമാനമുണ്ട്. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത് മാർക്കിടനാകുന്ന രീതിയാണ് ആദ്യം അവലംബിക്കുക. ഉത്തരക്കടലാസുകൾ അദ്ധ്യാപകർക്ക് കൊടുത്തുവിടുന്ന രീതി അവസാനിപ്പിക്കും.

