Tuesday, September 29, 2026

ഇന്ത്യന്‍ ശിക്ഷാ നിയമം അടിമുടി മാറ്റും; അമിത് ഷാ

ലഖ്‌നൗ: ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ (ഐ പി സി) കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളിലും ക്രിമിനല്‍ നടപടിച്ചട്ടത്തിലും (സി ആര്‍ പി സി) മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 47ാമത് അഖിലേന്ത്യ പൊലീസ് സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്രവും സംസ്ഥാനങ്ങളും കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വപ്പട്ടികയും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഐ പി സിയും സി ആര്‍ പി സിയും ബ്രിട്ടീഷുകാരുടെ കാലത്തേതാണ്. ഇന്ത്യ ഇന്ന് സ്വതന്ത്രരാജ്യമാണ്. അതിനാല്‍ നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ നമ്മള്‍ വരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

മയക്കുമരുന്ന്, ആയുധ നിയമങ്ങളിലും ഭേദഗതികള്‍ കൊണ്ടുവരും. ജനങ്ങള്‍ക്ക് പൊലീസിനോടും തിരിച്ചുമുള്ള കാഴ്ചപ്പാട് മാറേണ്ടതുണ്ട്. രാജ്യത്ത് കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുന്ന നിരക്ക് വളരെ താഴെയാണെന്നും നീണ്ട നിയമനടപടികളും അന്വേഷണ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമാണ് ഇതിന് കാരണമെന്നും അമിത് ഷാ പറഞ്ഞു.

Related Articles

Latest Articles