കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ‘ആംസ്റ്റര്‍ ഓവര്‍സീസ്’ (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് പാര്‍വതി മായ ഷാജി. വിദേശ തൊഴില്‍ വാഗ്ദാനം ചെയ്തു നടത്തിയ കോടികളുടെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെയാണ് പാര്‍വതി മായ വാര്‍ത്തകളില്‍ ഇടംനേടുന്നത്.
പോളണ്ട്, അര്‍മേനിയ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്താണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തത്. സംസ്ഥാനത്തുടനീളം ഇവര്‍ക്കും സ്ഥാപനത്തിനുമെതിരെ 300-ല്‍ അധികം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ പാര്‍വതി മായയെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഓരോ ആളില്‍ നിന്നും 1.5 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ അഡ്വാന്‍സ് തുകയായി വാങ്ങിയെടുത്തു.
അര്‍മേനിയ, പോളണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്തായിരുന്നു പ്രധാനമായും തട്ടിപ്പ് നടത്തിയത്. ഏകദേശം 10 ലക്ഷത്തോളം രൂപ വീതമാണ് ഓരോ ഉദ്യോഗാര്‍ഥികളില്‍ നിന്നും വിസയ്ക്കായി കൈപ്പറ്റിയിരുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ജനുവരി 10, ഓഗസ്റ്റ് 22 എന്നീ തീയതികളിലായി രണ്ട് എഫ്.ഐ.ആറുകള്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ എഫ്.ഐ.ആര്‍ പ്രകാരം, അര്‍മേനിയയില്‍ ഒന്നരലക്ഷം രൂപ പ്രതിമാസ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് 2023-ല്‍ നാല് ലക്ഷം രൂപ ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതെ വഞ്ചിക്കുകയാണുണ്ടായത്. പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച പരാതിക്കാരനെ തടയുകയും, സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തി അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നുണ്ട്.
ഓഗസ്റ്റ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്.ഐ.ആര്‍ പ്രകാരം, പോളണ്ടില്‍ വെയര്‍ഹൗസ് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പരാതിക്കാരനില്‍ നിന്ന് 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ 4,96,000 രൂപയും, വിമാന ടിക്കറ്റിനായി 1,10,000 രൂപയും ഉള്‍പ്പെടെ ആകെ 6,06,000 രൂപയാണ് കൈപ്പറ്റിയത്. രണ്ട് എഫ്.ഐ.ആറുകളിലും ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വിദേശത്തായിരുന്ന പാര്‍വതി തിരികെയെത്താന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇവരെ കണ്ടെത്തുന്നതിനായി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലടക്കം പോലീസ് ലുക്കൗട്ട് നോട്ടീസും വിവരങ്ങളും കൈമാറുകയായിരുന്നു.
സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍, ആഡംബര ഓഫീസ് ക്രമീകരണങ്ങള്‍, തുടക്കത്തില്‍ ചിലര്‍ക്ക് ഓഫര്‍ ലെറ്ററുകള്‍ (വ്യാജമായത്) നല്‍കല്‍ എന്നിവ വഴി ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസം പിടിച്ചുപറ്റി. തുടര്‍ന്ന് പണം വാങ്ങിയ ശേഷം വിസ നല്‍കുകയോ, തുക തിരികെ ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുകയോ മാറ്റിപ്പറയുകയോ ആണ് ഇവര്‍ ചെയ്തിരുന്നത്. കേസില്‍ വലിയ തോതില്‍ പണം വിദേശത്തേക്ക് കടത്തിയതായി ആരോപണമുള്ളതിനാല്‍ പോലീസിന്റെ ശുപാര്‍ശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്ക് കടന്നിട്ടുണ്ട്. പാര്‍വതി മായയുടെ പങ്കാളി അനീഷ് മേനോന്‍ ഉള്‍പ്പെടെയുള്ള മറ്റ് കേസിലെ പങ്കാളികള്‍ നിലവില്‍ വിദേശത്താണ്. ഇവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, കടുത്ത ഉപാധികളോടെ പാര്‍വതി മായ ഷാജിയ്ക്ക് ജാമ്യം അനുവദിച്ചു.

