Sunday, November 15, 2026

ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലെ അപകടം; കാറോടിച്ചത് താനാണെന്ന് മണിയന്‍പിള്ള രാജു; ഭയം കാരണമാണ് നിര്‍ത്താതെ പോയതെന്ന് വിശദീകരണം

തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകടത്തില്‍ പ്രതികരണവുമായി നടന്‍ മണിയന്‍പിള്ള രാജു . അപകടസമയത്ത് കാറോടിച്ചിരുന്നത് താനാണെന്ന് അദ്ദേഹം സമ്മതിച്ചു. ക്ലബിലെ ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം നടന്നതെന്നും, അമിതവേഗതയിലെത്തിയ ബൈക്ക് തന്റെ വാഹനത്തിന്റെ പിന്‍ഭാഗത്ത് വന്നിടിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിന് പിന്നാലെ ഭയം മൂലമാണ് വാഹനം നിര്‍ത്താതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് തന്നെ പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ബൈക്കിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവർ നിലവില്‍ ചികിത്സയിലാണ്. അപകടമുണ്ടായ ഉടന്‍ വാഹനം നിര്‍ത്തി പരിക്കേറ്റവരെ സഹായിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാഹചര്യങ്ങള്‍ വിശദീകരിച്ച് താരം തന്നെ നേരിട്ട് രംഗത്തെത്തിയത്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം അപകടസമയത്ത് നടൻ മദ്യപിച്ചിട്ടുണ്ടോ എന്ന സംശയവും ശക്തമാണ്. എന്നാല്‍ അപകടം നടന്ന് എട്ടു മണിക്കൂറിന് ശേഷം മാത്രം നടനെ കണ്ടെത്താൻ സാധിച്ചത് രക്തപരിശോധനയ്ക്ക് തടസ്സമാകുമെന്ന വാദവും ശക്തമാണ്. മണിയന്‍പിള്ള രാജു സ്റ്റേഷനിലെത്തി മൊഴി നല്‍കുന്നതോടെ അപകടത്തിന്റെ യഥാര്‍ത്ഥ സാഹചര്യം വ്യക്തമാകുമെന്നാണ് കരുതപ്പെടുന്നത്. പരിക്കേറ്റ യുവാക്കളുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles