Thursday, October 15, 2026

യുകെയിൽ മലയാളി യുവാവ് തടാകത്തിൽ മരിച്ച നിലയിൽ; ആറ്റിങ്ങൽ സ്വദേശിയുടെ വേർപാടിൽ നടുങ്ങി നാട്

യുകെയിലെ സ്വാൻ വൈൽ തടാകത്തിൽ മലയാളി യുവാവ് മരിച്ച നിലയിൽ. ആറ്റിങ്ങൽ അവനവഞ്ചേരി സ്മൃതിയിൽ ജയകുമാർ-ഷിംന ദമ്പതികളുടെ മകൻ വിഷ്ണു ജയകുമാറാണ് (26) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച മുൻ സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയ വിഷ്ണുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച സുഹൃത്തുക്കളോടൊപ്പം യാത്ര പോയ വിഷ്ണു ഞായറാഴ്ച വൈകിയിട്ടും താമസസ്ഥലത്ത് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് കൂടെ താമസിക്കുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തിരച്ചിൽ തുടരുന്നതിനിടെ, തിങ്കളാഴ്ച വിഷ്ണുവിനൊപ്പം യാത്ര ചെയ്ത സുഹൃത്ത് തന്നെയാണ് വിഷ്ണു അപകടത്തിൽപ്പെട്ട വിവരം നാട്ടിലെ വീട്ടിൽ വിളിച്ച് അറിയിച്ചത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വാൻ വൈൽ തടാകത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.

വിഷ്ണുവിന്റെ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ബ്രിട്ടീഷ് പോലീസിന്റെ അന്വേഷണം നടന്നുവരികയാണ്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles