കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ പ്രതികൾ പിടിയിൽ. കൊല്ലം സ്വദേശി ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പിടികൂടിയത്. അപകടമുണ്ടാക്കിയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
എറണാകുളം നോർത്ത് സ്റ്റേഷനിലെ എഎസ്ഐ പി.എൻ.സന്തോഷിനെയാണ് പ്രതികൾ കാർ ഇടിച്ച് തെറിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ കലൂർ ശാസ്താ റോഡിൽ വച്ചായിരുന്നു സംഭവം. വാഹന പരിശോധന നടക്കുന്നതിനിടെ കടന്നുവന്ന കാർ നിർത്താൻ പോലീസുകാർ ആവശ്യപ്പെട്ടിരുന്നു. ആദ്യം വേഗത കുറച്ച ശേഷം പെട്ടെന്ന് വേഗം കൂട്ടി പോലീസുദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. ബോണറ്റിൽ വീണ സന്തോഷുമായി കാർ 20 മീറ്ററോളം മുന്നോട്ട് പാഞ്ഞു. ഒടുവിൽ സഡൻ ബ്രേക്ക് ചവിട്ടിയതോടെ സന്തോഷ് ബോണറ്റിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണു. വീഴ്ചയിൽ ഉദ്യോഗസ്ഥന്റെ ഇരുകാലുകൾക്കും പരിക്കേറ്റു. കൊല്ലത്തു നിന്നും കൊച്ചിയിൽ പഠിക്കാൻ എത്തിയവരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. ഇവർ എന്തുകൊണ്ടാണ് കാർ നിർത്താൻ തയ്യാറാകാത്തത് എന്നതടക്കം അന്വേഷിച്ചു വരികയാണ്.

