ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനൈയിയുടെ വധത്തിന് പിന്നാലെ, ഇറാന്റെ ഹൃദയഭാഗമായ തെഹ്റാനിൽ വീണ്ടും അതിശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം. ഇന്ന് പുലർച്ചെ ടെഹ്റാനിലെ വിവിധയിടങ്ങളിൽ വൻ സ്ഫോടനശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ‘ഭീകര ഭരണകൂടത്തെ’ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നും ടെഹ്റാനിലെ വ്യോമപാതയുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിനായാണ് വ്യോമസേന വലിയ തോതിലുള്ള ആക്രമണം നടത്തുന്നതെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചു. വടക്കൻ ടെഹ്റാനിലെ കെട്ടിടങ്ങളിൽ നിന്ന് വൻതോതിൽ പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
ഖമേനിയുടെ വധത്തിന് പകരം വീട്ടുമെന്ന് ഇറാൻ പ്രഖ്യാപിക്കുകയും ഗൾഫ് മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ രണ്ടാം ഘട്ട ആക്രമണം ആരംഭിച്ചത്. ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും ഇസ്രായേലും ഇന്നലെ നടത്തിയ സംയുക്ത നീക്കത്തിലാണ് 36 വർഷമായി ഇറാനെ നയിച്ചിരുന്ന ഖമനൈയി കൊല്ലപ്പെട്ടത്. ഖമനൈയിയുടെ വസതി ലക്ഷ്യമിട്ടു നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകളും പേരക്കുട്ടിയും മരുമക്കളും കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഖമനൈയിയുടെ മൃതദേഹത്തിന്റെ ചിത്രം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കണ്ടതായും റിപ്പോർട്ടുകളുണ്ട്.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രത്യാക്രമണം ഉടൻ ആരംഭിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ടെലിഗ്രാം സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി. അമേരിക്കൻ ‘ഭീകര താവളങ്ങളും’ ഇസ്രായേൽ അധീനതയിലുള്ള പ്രദേശങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് അവർ വ്യക്തമാക്കി. ഇതിനോടകം തന്നെ ദുബായ്, അബുദാബി, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകൾ വർഷിച്ചു കഴിഞ്ഞു. പശ്ചിമേഷ്യയെ മൊത്തത്തിൽ വിഴുങ്ങുന്ന ഒരു മഹായുദ്ധത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.

