Monday, November 9, 2026

എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് പഴുതായി !!ശബരിമല സ്വര്‍ണക്കൊള്ളയിൽ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും ജാമ്യം

കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പങ്കജ് ഭണ്ഡാരിക്കും ഗോവര്‍ധനും ജാമ്യം. ഇരുവരുടെയും റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായതും പ്രത്യേക അന്വേഷണ സംഘം ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തതും പഴുതാക്കിയാണ് ഇരുവരും ജാമ്യം നേടിയത്. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ ജാമ്യം ലഭിച്ച പ്രതികള്‍ പത്തായി.

നേരത്തെ ജാമ്യം തേടി ഗോവര്‍ധൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് സുപ്രീം കോടതിയിൽ ഫയൽചെയ്ത ജാമ്യഹർജിയിൽ ഗോവർധൻ ചൂണ്ടിക്കാട്ടിയിരുന്നത്. തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്.

കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്നാണ് ഗോവര്‍ധൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഒന്നരക്കോടി നൽകിയതിനുശേഷമാണ് സ്വർണം വാങ്ങിയത്. പണം നൽകിയതിന്‍റെ തെളിവുകളും ഗോവര്‍ധൻ എസ്ഐടിക്ക് നൽകിയിരുന്നു. ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നൽകിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ധൻ മൊഴി നൽകിയിരിക്കുന്നത്.എന്നാൽ, ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഗോവര്‍ധൻ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

Related Articles

Latest Articles