അങ്കമാലി : അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. മരിച്ച വ്യക്തി ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണെന്നാണ് പ്രാഥമിക വിവരം. നിലവിൽ, കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിനടുത്ത് നിന്നും മാറാതെ ആന നിലയുറപ്പിച്ചിരിക്കുകയാണ്. മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്.
മറ്റൊരു ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് ആനയെ കിടങ്ങൂരിലേക്ക് എത്തിച്ചത്. ആനയെ കുളിപ്പിക്കാനും വെള്ളം നൽകാനുമായി കൊണ്ടുപോകുന്നതിനിടെയാണ് ആന അപ്രതീക്ഷിതമായി വിരണ്ടോടിയത്. ഈ സമയത്ത് ആനയെ നിയന്ത്രിക്കാൻ ശ്രമിച്ച ഒന്നാം പാപ്പാൻ ഉൾപ്പെടെയുള്ളവർക്ക് നേരെ ആക്രമണമുണ്ടായി.
ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവസ്ഥലത്ത് ആർആർടി (RRT) സംഘം എത്തിച്ചേർന്നിട്ടുണ്ട്. ഇടഞ്ഞ ആനയെ മയക്കുവെടി വെച്ചോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ തളയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. കലിയടങ്ങാത്ത ആന ഇതിനോടകം സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തകർത്തിട്ടുണ്ട്.

