ദില്ലി : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കൈവരിച്ച ഉജ്ജ്വല വിജയത്തിന് പിന്നാലെ, സംസ്ഥാനത്തെ ആദ്യ ബിജെപി സർക്കാർ മെയ് 9-ന് അധികാരമേൽക്കും. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷിക ദിനമായ രവീന്ദ്ര ജയന്തി നാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത് എന്നത് രാഷ്ട്രീയമായ വലിയ സാംസ്കാരിക സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പശ്ചിമ ബംഗാൾ ബിജെപി അദ്ധ്യക്ഷൻ സമിക് ഭട്ടാചാര്യയാണ് സത്യപ്രതിജ്ഞാ തീയതി ഔദ്യോഗികമായി അറിയിച്ചത്. സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ സജീവ ചർച്ചകൾ നടന്നുവരികയാണ്. മമതയുടെ ദുർഭരണത്തിനിതിരെ പോരാട്ടം നയിച്ച സുവേന്ദു അധികാരി മുഖ്യമന്ത്രി സ്ഥാനത്തെത്താണ് സാധ്യത.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ദില്ലിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, രവീന്ദ്രനാഥ ടാഗോറിന്റെ ആദർശങ്ങളെ ഉയർത്തിപ്പിടിച്ചാണ് സംസാരിച്ചത്. ‘ഭയരഹിതമായ മനസ്സും ഉന്നതശീർഷരായ മനുഷ്യരുമുള്ള’ ഒരു ബംഗാൾ കെട്ടിപ്പടുക്കുമെന്ന ടാഗോറിന്റെ ദർശനം സാക്ഷാത്കരിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മെയ് നാലിന് ഫലം വരുമെന്നും അതിന് ശേഷം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ താൻ ബംഗാളിലെത്തുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.
നിയമസഭയിലെ 294 സീറ്റുകളിൽ 206 എണ്ണത്തിലും വിജയിച്ച് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് ബിജെപി ബംഗാളിൽ ചരിത്രം കുറിച്ചത്. ഇതോടെ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷം നീണ്ടുനിന്ന ഭരണത്തിന് അന്ത്യമായി. രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടത് തൃണമൂൽ ക്യാമ്പിന് വലിയ തിരിച്ചടിയായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന കണക്കുകൾ പ്രകാരം ബിജെപി 206 സീറ്റുകൾ നേടിയപ്പോൾ തൃണമൂൽ കോൺഗ്രസ് വെറും 79 സീറ്റുകളിലൊതുങ്ങി.
1972-ന് ശേഷം ആദ്യമായാണ് കേന്ദ്രം ഭരിക്കുന്ന ഒരു പാർട്ടി തന്നെ പശ്ചിമ ബംഗാളിലും അധികാരത്തിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ബീഹാർ, ബംഗാൾ, ഒഡീഷ എന്നീ കിഴക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രപ്രധാനമായ നീക്കങ്ങളുടെ വലിയ വിജയമായാണ് ഈ ഫലം വിലയിരുത്തപ്പെടുന്നത്. ഭരണപരമായ മാറ്റങ്ങൾക്കൊപ്പം ബംഗാളിന്റെ രാഷ്ട്രീയ ഭൂപടത്തിൽ തന്നെ വലിയൊരു പുനർനിർണ്ണയത്തിനാണ് ഈ തിരഞ്ഞെടുപ്പ് വിജയം വഴിയൊരുക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുമ്പോൾ അത് ബംഗാൾ രാഷ്ട്രീയത്തിലെ പുതിയൊരു യുഗത്തിന്റെ തുടക്കമാകും.

