കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെയും അനന്തരവൻ അഭിഷേക് ബാനർജിയുടെയും വസതികൾക്ക് നൽകിയിരുന്ന സുരക്ഷാ ക്രമീകരണങ്ങൾ വെട്ടിക്കുറച്ചു. മമതയുടെ നേതൃത്വത്തിലുള്ള 15 വർഷത്തെ ടിഎംസി ഭരണത്തിന് അന്ത്യം കുറിച്ച തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പോലീസിന്റെ ഈ നടപടി.
മമത ബാനർജിയുടെ വസതി സ്ഥിതി ചെയ്യുന്ന 188എ ഹരീഷ് ചാറ്റർജി സ്ട്രീറ്റ്, പാർട്ടി ആസ്ഥാനമായ 121 കാളിഘട്ട് റോഡ്, അഭിഷേക് ബാനർജിയുടെ ഓഫീസായ 9 കാമാക് സ്ട്രീറ്റ് എന്നിവിടങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പിൻവലിച്ചത്. ബുധനാഴ്ച രാവിലെ 6:30 മുതൽ സുരക്ഷ കുറച്ചതായി പോലീസ് അറിയിച്ചു. ഇനി മുതൽ ഇവർക്ക് സെഡ് പ്ലസ് (Z+) വിഭാഗത്തിലുള്ള സുരക്ഷ മാത്രമായിരിക്കും ലഭിക്കുക. ഇതിന് പുറമെ വിന്യസിച്ചിരുന്ന അധിക പോലീസ് സേനയെ തിരികെ വിളിക്കാൻ കൊൽക്കത്ത പോലീസ് ജോയിന്റ് കമ്മിഷണർ ഉത്തരവിറക്കി.
ഉയർന്ന സുരക്ഷാ മേഖലകളിൽ സ്ഥാപിക്കാറുള്ള ഹൈടെക് ബാരിക്കേഡുകളും മെക്കാനിക്കൽ ഗാർഡ്‌റെയിലുകളും മമതയുടെ വസതിക്ക് പരിസരത്ത് നിന്ന് നീക്കം ചെയ്തു. കാളിഘട്ട് ഭാഗത്ത് സ്ഥാപിച്ചിരുന്ന അത്യാധുനിക സുരക്ഷാ യന്ത്രങ്ങൾക്ക് പകരം ഇപ്പോൾ സാധാരണ മാന്വൽ ഗാർഡ് റെയിലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെ തന്നെ സുരക്ഷാ സംവിധാനങ്ങൾ മാറ്റുന്ന നടപടികൾ ആരംഭിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ തരംഗത്തിൽ മമത ബാനർജിക്ക് ഭരണം നഷ്ടമായിരുന്നു. ആകെ 294 സീറ്റുകളിൽ 207 സീറ്റുകൾ നേടി ബിജെപി വൻ മുന്നേറ്റമാണ് നടത്തിയത്. തൃണമൂൽ കോൺഗ്രസിന് വെറും 80 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഒരു സീറ്റിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ റീപോളിങ്ങിന് ഉത്തരവിട്ടിരിക്കുകയാണ്. ഭരണം മാറിയ പശ്ചാത്തലത്തിലാണ് വിപുലമായ സുരക്ഷാ സംവിധാനങ്ങൾ സർക്കാർ പുനഃക്രമീകരിക്കുന്നത്.

