തിരുവനന്തപുരം: ഇന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ തിയറ്ററുകളിലെത്താൻ ഇനി കൃത്യം മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി. മലയാളത്തിലെ ഏറ്റവും ജനപ്രിയവും വിജയകരവുമായ സസ്പെൻസ് ത്രില്ലർ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം മെയ് 21 വ്യാഴാഴ്ചയാണ് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. റിലീസ് ദിനത്തിൽ നായകൻ മോഹൻലാലിന്റെ ജന്മദിനം കൂടിയാണെന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നുണ്ട്.
കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന നാലാം ക്ലാസുകാരൻ ജോർജുകുട്ടിയുടെ കൂർമബുദ്ധിക്ക് മുന്നിൽ ഇത്തവണ പോലീസ് വീഴുമോ അതോ നിയമം ജോർജുകുട്ടിയെ പിടികൂടുമോ എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. മുൻഭാഗങ്ങളെ അപേക്ഷിച്ച് മൂന്നാം ഭാഗത്തിൽ ജോർജുകുട്ടിക്ക് അല്പം പേടിയും കുടുംബത്തിന് കൂടുതൽ വൈകാരിക നിമിഷങ്ങളും ഉണ്ടാകുമെന്ന സൂചനകൾ നേരത്തെ പുറത്തിറങ്ങിയ ട്രെയിലർ നൽകിയിരുന്നു. ചിത്രത്തിന് U/A 13+ സെൻസർ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
യഥാർത്ഥത്തിൽ ഏപ്രിൽ 2-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലവും പ്രതിസന്ധികളും കാരണമാണ് മെയ് 21-ലേക്ക് മാറ്റിവെച്ചത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, എസ്ഥർ അനിൽ, ആശാ ശരത്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, ഇർഷാദ്, ഗണേഷ് കുമാർ തുടങ്ങിയ വൻ താരനിര തന്നെയാണ് ഈ ഭാഗത്തിലും അണിനിരക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മലയാളം ഒറിജിനൽ റിലീസ് ചെയ്ത് അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ഹിന്ദി പതിപ്പും തിയറ്ററുകളിലെത്തും. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിലാണ് ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് തന്നെയാണ് ദൃശ്യം 3 മലയാളം പതിപ്പിന്റെ ആഗോള തിയട്രിക്കൽ റൈറ്റുകളും ഡിജിറ്റൽ ഒടിടി അവകാശങ്ങളും സ്വന്തമാക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

