ന്യൂയോർക്ക് : അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലുണ്ടായ വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3:40 ഓടെയാണ് സംഭവം. ലോവർ മാൻഹാട്ടനിൽ നടന്ന ന്യൂയോർക്ക് നിക്സിന്റെ ചാമ്പ്യൻഷിപ്പ് പരേഡിന് തൊട്ടുപിന്നാലെയാണ് നഗരത്തെ ഭീതിയിലാഴ്ത്തിയ അക്രമം അരങ്ങേറിയത്.
കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ തിരക്കേറിയ ജംഗ്ഷനിലേക്ക് അതിക്രമിച്ചു കയറി വെടിയുതിർക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.
പെട്ടെന്നുണ്ടായ വെടിയൊച്ച കേട്ട് പരിഭ്രാന്തരായ നൂറുകണക്കിന് ആളുകൾ ജീവനും കൊണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിമാറുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവസ്ഥലത്ത് വലിയ രീതിയിലുള്ള ബഹളവും നിലവിളിയും ഉയർന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. വെടിവെപ്പിൽ പരിക്കേറ്റ വ്യക്തിയെ ന്യൂയോർക്ക് ഫയർ ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഒരു സംശയാസ്പദ വ്യക്തിയെ ന്യൂയോർക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശം പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലാക്കുകയും ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കുകയും ചെയ്തു.
പരേഡുമായി ബന്ധപ്പെട്ട് പതിനായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ നഗരത്തിലുടനീളം വിന്യസിച്ചിരുന്ന സമയത്താണ് ഈ ആക്രമണം നടന്നതെന്നത് അധികൃതരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ആക്രമണത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

