Tuesday, November 3, 2026

ബാങ്ക് മാനേജരാണെന്ന് വ്യാജേന വിവാഹം; കാർ വാങ്ങിയത് സ്വർണ്ണാഭരണങ്ങൾ പണയം വച്ച്; മദ്യപിച്ചെത്തിയാൽ ക്രൂര മർദനം! തിരുവനന്തപുരത്ത് യുവതിയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ കൊടുംക്രൂരതകൾ പുറത്ത്

തിരുവനന്തപുരം: ഒന്നരവർഷം മുൻപ്‌ വിവാഹിതയായ യുവതിയെ കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് ആറ്റുകാൽ ചിറമുക്കിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറുമാസം മുൻപാണ് ഇവർ ഈ വീട്ടിലേക്ക് താമസം മാറിയത്. സംഭവത്തിൽ ഭർത്താവ് അതുലിനെ പോലീസ് ചോദ്യംചെയ്തു വരികയാണ്.

വിവാഹസമയത്ത് സ്വകാര്യ ബാങ്കിലെ മാനേജരാണെന്ന് വിശ്വസിപ്പിച്ചാണ് കല്ലറ ഭരതന്നൂർ സ്വദേശിയായ അതുൽ ആരതിയെ വിവാഹം കഴിച്ചത്. എന്നാൽ ഇയാൾക്ക് ബാങ്കിന്റെ കിഴക്കേക്കോട്ട ശാഖയിൽ താത്‌കാലിക ജോലി മാത്രമാണുണ്ടായിരുന്നത്. വിവാഹശേഷം മദ്യപിച്ചെത്തി നിസ്സാര കാര്യങ്ങൾക്കും പണത്തിന്റെയും സ്വർണത്തിന്റെയും പേരിലും അതുൽ ആരതിയെ ക്രൂരമായി മർദിക്കുന്നത് പതിവായിരുന്നു. മർദനത്തിൽ ആരതിയുടെ ശരീരത്തിൽ പന്ത്രണ്ടിലേറെ ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളുടെ ചിത്രങ്ങൾ ആരതി മരണത്തിന് മുൻപ് അമ്മയ്ക്ക് ഫോണിൽ അയച്ചുകൊടുത്തിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ ഭർത്താവിന്റെ പീഡനത്തിനുള്ള പ്രധാന തെളിവായി മാറിയിരിക്കുന്നത്. വിവാഹസമയത്ത് നൽകിയ സ്വർണം പണയം വെച്ചാണ് അതുൽ കാർ വാങ്ങിയതെന്നും കുടുംബം പറയുന്നു.

മരണത്തിന് തലേ ദിവസവും ദമ്പതിമാർ തമ്മിൽ കടുത്ത വഴക്കുണ്ടായിരുന്നു. തുടർന്ന് മുറിയിൽ കയറി വാതിലടച്ച ആരതിയെ പിന്നീട് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആരതിയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് അതുൽ സുഹൃത്തുക്കളെ വിളിച്ചുവരുത്തി വാതിൽ തള്ളിത്തുറന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. നാട്ടിലെ കൗൺസിലർ വിളിച്ചുപറഞ്ഞാണ് മരണവിവരം തങ്ങൾ അറിഞ്ഞതെന്നും അവർ പറഞ്ഞു. വിദേശത്തായിരുന്ന ആരതിയുടെ അച്ഛൻ ബൈജു നാട്ടിലെത്തിയ ശേഷമാണ്, പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം വൻ ജനവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചത്. ആരതിയുടെ അമ്മ നൽകിയ പരാതിയിൽ നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫോണിലെ ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ചുമത്തി തുടർനടപടികളിലേക്ക് കടക്കുമെന്ന് ഫോർട്ട് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles