തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലേക്കുള്ള റിസർച്ച് ഓഫീസർ പരീക്ഷയിൽ ഗുരുതരമായ അട്ടിമറിയും ക്രമക്കേടും നടന്നതായി ആരോപിച്ച് ഉദ്യോഗാർത്ഥികൾ രംഗത്ത്. ബിരുദാനന്തര ബിരുദം അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള ഉയർന്ന ഗസറ്റഡ് തസ്തികയിലേക്കുള്ള പരീക്ഷയിൽ പ്ലസ് ടു നിലവാരം പോലുമില്ലാത്ത ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയതെന്നും പരീക്ഷാ അട്ടിമറിക്ക് പിന്നിൽ വൻ ലോബി പ്രവർത്തിച്ചിട്ടുണ്ടെന്നും ആരോപിച്ച് ഉദ്യോഗാർത്ഥികൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
പരീക്ഷയുടെ വിജ്ഞാപനം പുറത്തുവന്ന ഘട്ടം മുതൽ പി.എസ്.സിയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകളാണ് ഉണ്ടായതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കൊമേഴ്സ് ബിരുദാനന്തര ബിരുദമുള്ളവർക്കും പരീക്ഷ എഴുതാൻ അനുമതി നൽകിയിരുന്നെങ്കിലും തുടക്കത്തിൽ പ്രസിദ്ധീകരിച്ച സിലബസിൽ കൊമേഴ്സ് ഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, പരീക്ഷയ്ക്കുള്ള കൺഫർമേഷൻ വിൻഡോ അടച്ചതിന് ശേഷം പരീക്ഷയ്ക്ക് കഷ്ടിച്ച് രണ്ട് മാസം മാത്രം ബാക്കിനിൽക്കെ കൊമേഴ്സ് വിഷയങ്ങൾ കൂടി ഉൾപ്പെടുത്തി പി.എസ്.സി സിലബസ് പുതുക്കുകയായിരുന്നു. പഠിക്കാൻ ആവശ്യമായ 90 ദിവസത്തെ സമയം പോലും നൽകാതെ ജൂൺ 18-നാണ് പരീക്ഷ നടത്തിയത്.
പി.എസ്.സി കഴിഞ്ഞ ദിവസം പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചതോടെയാണ് അട്ടിമറി സംശയങ്ങൾ കൂടുതൽ ശക്തമായത്. ആകെ ചോദിച്ച 100 ചോദ്യങ്ങളിൽ 54 എണ്ണത്തിന്റെയും ശരിയുത്തരം ഓപ്ഷൻ ‘ബി’ ആയിരുന്നു എന്നതാണ് ഉദ്യോഗാർത്ഥികളെ ഞെട്ടിച്ചത്. കൊമേഴ്സ് വിഭാഗത്തിൽ നിന്നുള്ള 25 ചോദ്യങ്ങളിൽ 17 എണ്ണത്തിനും, സ്റ്റാറ്റിസ്റ്റിക്സിലെ 25 ചോദ്യങ്ങളിൽ 16 എണ്ണത്തിനും ശരിയുത്തരം ‘ബി’ തന്നെയാണ്. ഒരു സ്വകാര്യ കോച്ചിങ് അക്കാദമിയുടെ റാങ്ക് ഫയലിൽ നിന്നുള്ള ചോദ്യങ്ങൾ അതേപടി പകർത്തിയതാണെന്നും, വിഷയവിദഗ്ധരല്ല ചോദ്യങ്ങൾ തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. ചാറ്റ് ജിപിടി പോലുള്ള എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തട്ടിക്കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളാണോ പരീക്ഷയ്ക്ക് വന്നതെന്ന സംശയവും ഉദ്യോഗാർത്ഥികൾ പങ്കുവെക്കുന്നു. നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇനിയും സമയം ബാക്കിയുള്ളപ്പോൾ, തങ്ങൾക്ക് താല്പര്യമുള്ള ചിലരെ ലിസ്റ്റിൽ തിരുകിക്കയറ്റാൻ വേണ്ടിയാണ് പി.എസ്.സി ഈ രീതിയിൽ പരീക്ഷ നടത്തിയതെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം.

