Sunday, November 15, 2026

പാഞ്ഞുവരുന്ന ചെളി വെള്ളം ! ജീവനുവേണ്ടി ഓടുന്ന മനുഷ്യർ; വയനാട് തുരങ്കപാത മേഖലയിലെ മണ്ണിടിച്ചിലിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മേപ്പാടി: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിന്റെ ഭീകരത വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അപകടം നടന്ന മീനാക്ഷിപ്പാലത്തിന് സമീപത്തുള്ള ഒരു വ്യാപാര സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. മലവെള്ളപ്പാച്ചിൽ പോലെ വൻതോതിൽ മണ്ണും പാറക്കല്ലുകളും ഇടിഞ്ഞ് താഴേക്ക് പതിക്കുന്നതും അതിന്റെ ആഘാതത്തിൽ പാലം കവിഞ്ഞ് ചെളിയും വെള്ളവും കുതിച്ചൊഴുകി വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

നിർമ്മാണ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥലത്തുണ്ടായിരുന്ന ലോറിയടക്കം ഒഴുക്കിൽപ്പെട്ട് മണ്ണിനും ചെളിക്കുമൊപ്പം നിയന്ത്രണമില്ലാതെ തെന്നി നീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. അപകടത്തിൽപ്പെടാതിരിക്കാൻ ആളുകൾ ജീവനുവേണ്ടി ചിതറിയോടുന്നതും, അതിനിടയിൽ ചിലർ ശക്തമായ ഒഴുക്കിൽപ്പെട്ട് മൺകൂനകൾക്കിടയിലൂടെ ഒഴുകിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. നിർമ്മാണ മേഖലയിൽ അശാസ്ത്രീയമായി കൂട്ടിയിട്ട മൺകൂനയാണ് ഈ വൻ ദുരന്തത്തിന് കാരണമായതെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് നടുക്കുന്ന ഈ ദൃശ്യങ്ങളും പുറത്തുവരുന്നത്.

Related Articles

Latest Articles