Tuesday, November 17, 2026

ഹോർമൂസ് കടലിടുക്കിലെ മിസൈലാക്രമണം! ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഭാരതം ; ഇറാൻ നയതന്ത്ര പ്രതിനിധികളെ നേരിട്ട് വിളിപ്പിച്ചു

ദില്ലി : ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. സംഭവത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇറാൻ ഡെപ്യൂട്ടി അംബാസഡർ മുഹമ്മദ് ജവാദ് ഹൊസൈനി ഉൾപ്പെടെയുള്ള നയതന്ത്ര പ്രതിനിധികളെ നേരിട്ട് വിളിപ്പിച്ച് രാജ്യത്തിന്റെ ശക്തമായ അമർഷവും ആശങ്കയും അറിയിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ ഉടനടി ലഘൂകരിക്കണമെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ഇന്ത്യ കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ട് വാണിജ്യ കപ്പലുകൾക്കും സാധാരണക്കാർക്കും നേരെ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഒമാൻ കടൽ അതിർത്തിക്കുള്ളിലെ തെക്കൻ ഷിപ്പിംഗ് പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ‘മൊംബാസ’, ‘അൽ ബാഹിയ’ എന്നീ രണ്ട് യുഎഇ പതാക വഹിച്ച എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാന്റെ ക്രൂയിസ് മിസൈലുകൾ പതിച്ചത്. ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും ആറ് ഇന്ത്യക്കാരും രണ്ട് യുക്രൈൻ പൗരന്മാരും അടക്കം എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മിസൈലാക്രമണത്തെ തുടർന്ന് ഇരു കപ്പലുകൾക്കും തീപിടിച്ചതായും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും യുഎഇ പ്രതികരിച്ചു. അതേസമയം, ഒമാൻ അതിർത്തിയോട് ചേർന്നുള്ള ഈ പാത നിയമവിരുദ്ധമാണെന്നും ഈ മേഖല അപകടം നിറഞ്ഞതാണെന്നും ആരോപിച്ച് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക ഈ നിയമവിരുദ്ധ പാതയിലൂടെ കപ്പൽ ഗതാഗതം സുഗമമാക്കുകയാണെന്നാണ് ഇറാന്റെ ആരോപണം.

ആഗോള എണ്ണ-പ്രകൃതി വാതക കയറ്റുമതിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സാഹചര്യം ഈ ആക്രമണത്തോടെ കൂടുതൽ വഷളായിരിക്കുകയാണ്. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ ഇരുപത് ശതമാനം തുക ഈടാക്കിക്കൊണ്ട് സംരക്ഷണം നൽകാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ ഈ നിർദ്ദേശത്തെ തള്ളിയ ഇറാൻ, ഈ ജലപാത തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും വിദേശ ശക്തികൾക്ക് ഇത്തരം ഉയർന്ന തുക ഈടാക്കാൻ അനുവാദമില്ലെന്നും വ്യക്തമാക്കി രംഗത്തുവന്നത് മേഖലയിലെ സമുദ്ര സുരക്ഷ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

Related Articles

Latest Articles