ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി കഴിഞ്ഞ ഫെബ്രുവരിയില്‍ ചുമതലയേറ്റ മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 28-ന് നടന്ന യു.എസ്. – ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടപ്പോള്‍ മൊജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ടെഹ്റാനിലെ അതീവ രഹസ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഏത് നിമിഷവും ഉണ്ടായേക്കാമെന്നാണ് പ്രസിഡന്റ് മസൂദ് പേസഷ്കിയാന്റെ ഭരണകൂടവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
സ്ഥാനമേറ്റതുമുതല്‍ പൊതുവേദികളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്ന മൊജ്തബ, മന്ത്രിസഭാംഗങ്ങളെയോ മുതിര്‍ന്ന നേതാക്കളെയോ നേരിട്ട് കാണാന്‍ തയ്യാറായിട്ടില്ല. ഈ ആഴ്ച സ്റ്റേറ്റ് ടെലിവിഷന്‍ നല്കിയ അഭിമുഖത്തില്‍ പരമോന്നത നേതാവുമായുള്ള ആശയവിനിമയം ഏറെ പ്രയാസകരമാണെന്ന് പ്രസിഡന്റ് പേസഷ്കിയാന് തന്നെ തുറന്നുപറഞ്ഞിരുന്നു. ഔദ്യോഗിക മാധ്യമങ്ങളിലൂടെ അച്ചടിച്ച പ്രസ്താവനകള്‍ മാത്രം പുറത്തുവിടുന്ന അദ്ദേഹത്തിന്റെ മൗനം ഇറാനിയന്‍ ഭരണകൂടത്തിനുള്ളില്‍ വലിയ രീതിയിലുള്ള ഊഹാപോഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വഴിവെച്ചിട്ടുണ്ട്.
ടെഹ്റാനില്‍ വെച്ച് നടന്ന അതീവ രഹസ്യമായ ഒരു കൂടിക്കാഴ്ച നിഗൂഢതകള്‍ ഇരട്ടിപ്പിച്ചു. പൂര്‍ണ്ണമായും ഇരുട്ടിലായിരുന്ന വാഹനത്തിനുള്ളില്‍ വെച്ച് മൊജ്തബ ഖമേനിയാണെന്ന് പരിചയപ്പെടുത്തിയ ഒരു വ്യക്തിയുമായി പെശഷ്കിയാന് ചര്‍ച്ച നടത്തിയെങ്കിലും, മുഖം കാണാന്‍ കഴിയാത്തതിനാല്‍ കേട്ട ശബ്ദം യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റേത് തന്നെയാണോ എന്ന സംശയത്തിലാണ് പ്രസിഡന്റ്. യു.എസ്. – ഇസ്രായേല്‍ സഖ്യവുമായി കടുത്ത സൈനിക സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന നിര്‍ണ്ണായക ഘട്ടത്തില്‍ രാജ്യത്തെ പരമോന്നത നേതാവിനെ നേരിട്ട് കാണാനാകാത്തത് ഇറാനെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

