Sunday, December 28, 2025

കേരളത്തിൽ ഖജനാവ് കാലി, കൈയ്യും കെട്ടി ഒരു സർക്കാർ

തിരുവനന്തപുരം: ട്രഷറി സ്തംഭനത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍. 630 കോടിയോളം രൂപയുടെ കരാര്‍ ബില്ലുകളാണ് വിവിധ ട്രഷറികളിലായി കെട്ടിക്കിടക്കുന്നത്. പ്രവൃത്തികള്‍ നിര്‍ത്തിവച്ച് സമരമാരംഭിക്കാനാണ് കരാറുകാരുടെ നീക്കം.

പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പദ്ധതി പുരോഗതിയുടെ കണക്കുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ദിവസവും വെബ്‌സൈറ്റില്‍ നല്‍കുന്നുണ്ട്. ഈ കണക്കനുസരിച്ച് ഇന്നലെ വൈകീട്ട് വരെ 629. 48 കോടി രൂപയുടെ ബില്ലുകളാണ് ട്രഷറികളില്‍ കെട്ടിക്കിടക്കുന്നത്.

പ്രതിസന്ധി തുടങ്ങിയിട്ട് രണ്ട് മാസമായെങ്കിലും കാര്യങ്ങള്‍ ഇത്രയും വഷളായത് ഇപ്പോഴാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബില്ലുകള്‍ക്ക് മുന്‍ഗണനാ ക്രമം നിശ്ചയിച്ച് ഇക്കഴിഞ്ഞ അഞ്ചിന് ട്രഷറി വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിട്ടും കാര്യമില്ല. സിപിഎം അനുകൂല സംഘടനയായ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ പ്രവൃത്തികള്‍ നിര്‍ത്തിവച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചു കഴിഞ്ഞു.

ട്രഷറി സ്തംഭനം എല്ലാ ജില്ലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ആകെ പദ്ധതി തുകയുടെ 20%ത്തോളമാണ് ട്രഷറികളില്‍ കെട്ടിക്കിടക്കുന്നത്. കോഴിക്കോട് കോര്‍പറേഷന്റെ 15 കോടിയോളം രൂപയാണ് ക്യൂവിലുള്ളത്. ചെയ്ത പ്രവൃത്തിയുടെ പണം കിട്ടാത്തതിനാല്‍ പുതിയ ജോലികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയ്യാറാകുന്നുമില്ല. വയനാട് ജില്ലാ പഞ്ചായത്ത് 150 റോഡുകളുടെ ടെന്‍ഡര്‍ ചെയ്തപ്പോള്‍ കരാറുകാര്‍ ക്വാട്ട് ചെയ്തത് 15 പ്രവൃത്തികളുടെ മാത്രം.

Related Articles

Latest Articles