സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത് കേരള ചരിത്രത്തില്‍ തന്നെ ഒരുപക്ഷേ, ഇതാദ്യമായിരിക്കും. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥനായ ഒരു പോലീസ് മേധാവി തന്നെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വത്ത് സമ്പാദിച്ചത് ഗുരുതരമായ കുറ്റമാണ്.
പരാതിക്കാരനായ ബോബി കുരുവിള എന്ന വ്യക്തി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും തുടര്‍ന്നുള്ള നിയമപോരാട്ടങ്ങള്‍ക്കും പിന്നാലെ നടന്നത്. തങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി തച്ചങ്കരി വളരെക്കാലം ഹരാസ് ചെയ്‌തെന്ന് കുരുവിള പറയുന്നു. കുടുംബത്തിന് വളരെയധികം മാനഹാനി ഉണ്ടായി. അതില്‍ ഉണ്ടായ പിണക്കമാണ് കേസുമായി മുന്നോട്ട് പോകാന്‍ കാരണമെന്നും കുരുവിള പറയുന്നു. 90-കാലഘട്ടം മുതലാണ് തച്ചങ്കരി തങ്ങളെ വേട്ടയാടാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. പിന്നാലെ പല പല കേസുകളും വന്നു. ഈ കേസിലേക്ക് എത്തുന്നത് പോലീസിലെ ഉയര്‍ന്ന റാങ്കിലുള്ളവര്‍ പല കാര്യങ്ങളും പറഞ്ഞു ആ റെക്കോര്‍ഡുകളൊക്കെ താന്‍ എടുത്തുവെന്നും കുരുവിള പറയുന്നു. 12 തവണ താന്‍ വിജിലന്‍സിന് റിട്ടണ്‍ സ്റ്റേറ്റ്‌മെന്റ് കൊടുത്തു. ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് പോലീസ് പ്രൊട്ടക്ഷന്‍ താന്‍ മേടിച്ചുവെന്നും കുരുവിള പറയുന്നു. തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായമാണെന്നും കുരുവിള കൂട്ടിച്ചേര്‍ത്തു.
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലുവര്‍ഷത്തെ കഠിന തടവും 30,84,892 ലക്ഷം രൂപ പിഴയുമാണ് തച്ചങ്കരിയ്‌ക്കെതിരെ കോടതിവിധിച്ചിരിക്കുന്നത്. ബോബി കുരുവിളയുടെ രണ്ടുപതിറ്റാണ്ടോളം നീണ്ട കഠിനമായ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്. 2003 ജനുവരി മുതല്‍ 2007 ജൂലായ് വരെയുള്ളകാലയളവില്‍ എസ്.പി.യായും ഡി.ഐ.ജി.യായും സേവനമനുഷ്ഠിക്കവേ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 64.70 ലക്ഷം രൂപയുടെ (വരവിനേക്കാള്‍ 135 ശതമാനം) സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്.

