ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ പരിപാടികളുമായി ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി). പ്രധാനമന്ത്രിയുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനും തുടര്‍ച്ചയായ വിജയങ്ങള്‍ക്കുമായി ജനങ്ങള്‍ വീടുകളില്‍ ദീപം തെളിയിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ അഭ്യര്‍ത്ഥിച്ചു. പാര്‍ട്ടിയുടെ ‘ആശീര്‍വാദ് കാ ദിയ’ (Ashirvaad ka Diya) കാമ്പെയ്ന്റെ ഭാഗമായി സെപ്റ്റംബര്‍ 17-ന് വൈകീട്ട് 6 മണിക്കും രാത്രി 7 മണിക്കും ഇടയില്‍ എല്ലാവരും ദീപം തെളിയിക്കണമെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.
2014-ന് ശേഷം ഇന്ത്യയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും, 2047-ഓടെ വികസിത രാജ്യമായി മാറാനുള്ള ലക്ഷ്യത്തിലേക്കാണ് രാജ്യം മുന്നേറിക്കൊണ്ടിരിക്കുന്നതെന്നും ബി.ജെ.പി അധ്യക്ഷന്‍ വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനമടക്കം 25 വര്‍ഷം തടസ്സമില്ലാതെ സര്‍ക്കാര്‍ പദവികള്‍ അലങ്കരിച്ചതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഇത്തവണത്തെ ജന്മദിനം. ഇതിന്റെ ഭാഗമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ‘സേവ സങ്കല്‍പ്പ് അഭിയാന്‍’ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഉജ്ജൈന്‍ എന്നിവിടങ്ങളിലെ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഉജ്ജൈനിലെ റാം ഘട്ടില്‍ അദ്ദേഹം ‘ആശീര്‍വാദ് കാ ദിയ’ തെളിയിക്കും. പ്രശസ്തമായ മഹാകാലേശ്വര്‍ക്ഷേത്രത്തില്‍ ഭസ്മആരതിയിലും പരമ്പരാഗത പൂജകളിലും പങ്കെടുത്ത് അദ്ദേഹം രാജ്യത്തിന്റെ സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിക്കും.
പ്രധാനമന്ത്രിയുടെ ജന്മനാടായ വഡ്‌നഗറില്‍ നിന്ന് വാരാണസിയിലേക്ക് ഒരു ബൈക്ക് റാലി നടക്കും. വഡ്‌നഗറിലെ ശര്‍മ്മിഷ്ഠ തടാകക്കരയില്‍ ‘മഹാ ആരതിയും’ ശുചീകരണ യജ്ഞവും സംഘടിപ്പിച്ചിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ തുടങ്ങിയ പ്രമുഖര്‍ ചടങ്ങുകളില്‍ സംബന്ധിക്കും. രാജ്യത്തുടനീളം 700-ലധികം കേന്ദ്രങ്ങളില്‍ ‘സേവ ദിവാസിന്റെയും’ മറ്റ് ജനക്ഷേമ പരിപാടികളുടെയും ഭാഗമായി പ്രത്യേക ചടങ്ങുകള്‍ നടക്കുന്നുണ്ട്.

