തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും. ഹൃദയത്തിന്റെ കാവല്ക്കാരന് എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. 2009ല്‍ രാജ്യം പത്മശ്രീ നല്കി അദരിച്ച അദ്ദേഹം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ വൈസ് ചെയര്‍മാനായിരുന്നു. 1970കളുടെ അവസാനത്തില്‍ ഇന്ത്യയില്‍ ആദ്യമായി 2D എക്കോകാര്‍ഡിയോഗ്രാഫി മെഷീന് അവതരിപ്പിക്കുകയും അത് ഉപയോഗിച്ച് ഹൃദ്രോഗ നിര്‍ണയം നടത്തുകയും ചെയ്ത മുന്‍നിര വിദഗ്ധരില്‍ ഒരാളായിരുന്നു പ്രഫ.ഡോ.ജി. വിജയരാഘവന്.
തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയായും പ്രഫസറായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ അത്യാധുനിക ഹൃദ്രോഗ ചികിത്സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ , മറ്റ് രാജ്യാന്തര മെഡിക്കല്‍ സംഘടനകള്‍ എന്നിവയില്‍ നിന്ന് നിരവധി പുരസ്കാരങ്ങളും ഫെലോഷിപ്പുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1942 സെപ്റ്റംബര്‍ 18ന് കൊല്ലം ജില്ലയിലെ പെരുമ്പുഴയിലായിരുന്നു ജനനം. തിരുവനന്തപുരം മോഡല്‍ സ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം 1964ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് മെഡിസിന് ബിരുദം നേടി. 1969ല്‍ ജനറല്‍ മെഡിസിനില്‍ എംഡി പാസായി. വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ പഠനം തുടര്‍ന്ന അദ്ദേഹം 1973ലാണ് കാര്‍ഡിയോളജിയില്‍ ഡോക്ടറേറ്റ് നേടിയത്.

