Tuesday, November 17, 2026

ആർക്കും ഭാരതത്തിന് മേൽ നിബന്ധനകൾ അടിച്ചേൽപ്പിക്കാനാകാത്തവിധം ശക്തവും പ്രാപ്തവുമായ രാഷ്ട്രമായി വളരണം, ലക്ഷ്യം ലോകത്തെ ഒന്നാം സ്ഥാനം: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

ആഗോളതലത്തിൽ ആർക്കും ഭാരതത്തിന് മേൽ അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കഴിയാത്തവിധം ശക്തവും പ്രാപ്തവും സ്വയംപര്യാപ്തവുമായ രാഷ്ട്രമായി ഭാരതം വളരണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ലോകത്തെ ഒന്നാം നമ്പർ രാഷ്ട്രമാകാൻ ഭാരതം ആഗ്രഹിക്കുന്നത് മറ്റുള്ളവരെ നിയന്ത്രിക്കാനല്ലെന്നും മറിച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യവും അഭിമാനവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒഡിഷയിലെ കട്ടക്കിലുള്ള ശ്രീ ശ്രീ സർവകലാശാലയിൽ പുതിയതായി നിർമിച്ച ഐക്കോണിക് ടവർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും നാഗരിക മൂല്യങ്ങളും വിദ്യാഭ്യാസ മുന്നേറ്റവും രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരത് 2047 എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ പങ്കുവഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2014-15ൽ രാജ്യത്ത് 760 സർവകലാശാലകളായിരുന്നത് ഇന്ന് 1,400ലധികമായി ഉയർന്നതായി ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഐഐടികളുടെ എണ്ണം 16ൽ നിന്ന് 23 ആയും ഐഐഎമ്മുകൾ 13ൽ നിന്ന് 22 ആയും വർധിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ എണ്ണം 3.42 കോടിയിൽ നിന്ന് 4.5 കോടിയിലധികമായി ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി. ഒഡിഷയിലെ ഗോത്രവിഭാഗങ്ങളിലെ കുട്ടികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കാതിരിക്കാനും ഉന്നതവിദ്യാഭ്യാസത്തിലേക്ക് എത്തിക്കാനും സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ സർവകലാശാലകൾ സ്കൂൾ കണക്ട് പദ്ധതികൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികളോട് ‘രാഷ്ട്ര പ്രഥമം’ എന്ന ആശയം ജീവിതത്തിൽ ഉയർത്തിപ്പിടിക്കാനും ലഹരിവസ്തുക്കളോട് പൂർണമായും ‘നോ’ പറയാനും ആഹ്വാനം ചെയ്തു. ജഗന്നാഥ ക്ഷേത്രം, ഭുവനേശ്വറിലെ പുരാതന ക്ഷേത്രങ്ങൾ, കൊണാർക്ക് സൂര്യക്ഷേത്രം എന്നിവയുടെ വാസ്തുവിദ്യാ പാരമ്പര്യത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഐക്കോണിക് ടവർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കട്ടക്കിലെ പരിപാടിക്ക് പുറമെ ഭുവനേശ്വറിൽ ഒഡിഷ നിയമസഭയിലെ 17-ാം നിയമസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച ഓറിയന്റേഷൻ പരിപാടിയിലും ഉപരാഷ്ട്രപതി പങ്കെടുത്തു. ജനാധിപത്യത്തിന്റെ ശക്തി ആരോഗ്യകരമായ ചർച്ചകളിലും ക്രിയാത്മകമായ സംവാദങ്ങളിലും ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിലുമാണെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ വോട്ടുകൾ നേടി വിജയിക്കാമെങ്കിലും ജനങ്ങളുടെ ആദരം നേടാൻ ജനസേവനത്തിലൂടെ മാത്രമേ കഴിയൂവെന്നും അദ്ദേഹം ഓർമിപ്പിച്ചു. അഭിപ്രായവ്യത്യാസങ്ങൾ ജനങ്ങളോടും ഭരണഘടനയോടുമുള്ള പ്രതിബദ്ധതയെ ബാധിക്കരുതെന്നും നിയമസഭാ നടപടികളിൽ ചർച്ചയും സംവാദവും തീരുമാനങ്ങളിലേക്ക് നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ നിയമനിർമാണ പ്രവർത്തനങ്ങളിൽ കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി നിർദേശിച്ചു.

Related Articles

Latest Articles