Friday, November 6, 2026

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയായ സുനിതയുടെ മുന്നില്‍ പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മറ്റൊരു സ്ത്രീയോടൊപ്പം ഭര്‍ത്താവിനെ കണ്ടതിനെത്തുടര്‍ന്ന് പ്രകോപിതയായ സുനിത കാറിന്റെ ചില്ലുകളില്‍ തട്ടി. പരിഭ്രാന്തനായ മയാങ്ക് കാര്‍ ലോക്ക് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് സുനിത കാറിന് മുന്നില്‍ കയറി ബോണറ്റില്‍ കിടന്നെങ്കിലും മയാങ്ക് വണ്ടി മുന്നോട്ട് എടുക്കുകയായിരുന്നു.

എന്നെ രക്ഷിക്കൂ… ചേട്ടാ, സഹായിക്കൂ എന്ന് സുനിത നിലവിളിച്ചുകൊണ്ട് നാട്ടുകാരോട് സഹായം അഭ്യര്‍ത്ഥിച്ചു. ഏകദേശം 100 മീറ്ററോളം ദൂരം അവര്‍ ബോണറ്റില്‍ പിടിച്ചു കിടന്നു. സംഭവസ്ഥലത്ത് നാട്ടുകാര്‍ തടിച്ചുകൂടുന്നത് കണ്ട് മയാങ്ക് കാര്‍ നിര്‍ത്തുകയായിരുന്നു. ഭര്‍ത്താവിനെതിരെ മര്‍ദ്ദനം, സ്ത്രീധന പീഡനം, അവിഹിത ബന്ധം തുടങ്ങിയവ ആരോപിച്ച് സുനിത പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ മയാങ്കിനെതിരെ വധശ്രമത്തിന് കേസെടുത്തതായി കോട്വാലി സര്‍ക്കിള്‍ ഓഫീസര്‍ സംഗ്രാം സിംഗ് പറഞ്ഞു. പൊലീസ് മയാങ്കിനെയും മാഹിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട, UP15ER3086 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍ (Toyota Urban Cruiser Taisor) കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

Related Articles

Latest Articles