Thursday, November 12, 2026

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കി. വിദേശ പൗരന്മാർക്ക് കൂടുതൽ ലളിതവും വേഗത്തിലുള്ളതുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, നിലവിലുണ്ടായിരുന്ന 13 പ്രധാന വിസ വിഭാഗങ്ങളെ ഒമ്പതായും 49 ഉപവിഭാഗങ്ങളെ 23 ആയും വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഇതിനുപുറമെ, അപേക്ഷകർ പൂരിപ്പിക്കേണ്ടിയിരുന്ന സങ്കീർണ്ണമായ വിവരങ്ങളുടെ എണ്ണം 65 മുതൽ 70 ശതമാനം വരെ കുറച്ചുകൊണ്ട് അപേക്ഷാ ഫോമുകൾ അതീവ ലളിതമാക്കിയത് നടപടിക്രമങ്ങളുടെ വേഗത ഗണ്യമായി വർദ്ധിപ്പിക്കും.

പഴയ ടൂറിസ്റ്റ് വിസയ്ക്ക് പകരമായി ‘വിസിറ്റർ വിസ’ (V-1, V-2) എന്ന പുതിയ സംവിധാനം അവതരിപ്പിച്ചതിലൂടെ ഹ്രസ്വകാല സന്ദർശനങ്ങൾക്കും ദീർഘകാല യാത്രകൾക്കും പർവ്വതാരോഹണത്തിനും കൂടുതൽ സൗകര്യപ്രദമായ മൾട്ടിപ്പിൾ എൻട്രി അനുമതികളാണ് ലഭ്യമാകുന്നത്. ഭാരതത്തിന്റെ തനത് ചികിത്സാ രീതിയായ ആയുഷ് (AYUSH) ചികിത്സ തേടിയെത്തുന്നവർക്കായി പ്രത്യേക M-3 വിസയും കൂട്ടിരിപ്പുകാർക്കായി M-4 വിസയും ഏർപ്പെടുത്തിയത് ‘ഹീൽ ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ കുതിപ്പേകും. കൂടാതെ, ‘സ്റ്റഡി ഇൻ ഇന്ത്യ’ പോർട്ടൽ വഴി എത്തുന്ന വിദേശ വിദ്യാർത്ഥികൾക്കുള്ള e-S1 വിസയും, സാങ്കേതിക-നിക്ഷേപ മേഖലകളിലെ വിദഗ്ദ്ധർക്കുള്ള ബിസിനസ് വിസ പരിഷ്കാരങ്ങളും രാജ്യത്തിന്റെ സാമ്പത്തിക-വൈജ്ഞാനിക വളർച്ചയ്ക്ക് പുത്തൻ ഉണർവ് നൽകും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള ഭരണത്തിന് കീഴിൽ ഭാരതം ആഗോള വിനോദസഞ്ചാര-വ്യാപാര കേന്ദ്രമായി അതിവേഗം വളരുന്നതിന്റെ തെളിവാണ് ഈ സുപ്രധാന ഭരണപരിഷ്കാരം. ‘വിക്സിത് ഭാരത്’ എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ആഗോള സമൂഹത്തെ ഭാരതത്തിന്റെ സംസ്കാരവുമായും വികസനവുമായും കൂടുതൽ അടുപ്പിക്കാൻ ഈ ചരിത്രപരമായ തീരുമാനം സഹായിക്കും.

Related Articles

Latest Articles