Thursday, November 12, 2026

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി ചെയർമാനോടാണ് ചോദിക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ പ്രവർത്തനത്തിൽ തനിക്ക് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും നേരത്തെ ഉന്നയിച്ച വിമർശനങ്ങളിൽ ഉറച്ചുനിൽക്കുകയാണെന്നും അടൂർ പ്രകാശ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നും ചില കാര്യങ്ങളിൽ തന്റെ അഭിപ്രായം തുറന്നുപറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു.

യുഡിഎഫ് കൺവീനർ എന്ന നിലയിൽ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കണമെന്ന നിർബന്ധമില്ലെന്നും മന്ത്രിസഭാ തീരുമാനങ്ങൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും തനിക്ക് ലഭിക്കണമെന്നില്ലെന്നും അടൂർ പ്രകാശ് പ്രതികരിച്ചു. മന്ത്രിമാർക്ക് സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് അത് അവരോടുതന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. കാര്യങ്ങൾ പുറത്തുവരട്ടെയെന്നും യുഡിഎഫ് ഭരണത്തിന് തുടക്കമായിട്ടേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടെന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവരുന്ന പ്രതികരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിലെ പ്രധാന നിയമനങ്ങളും തീരുമാനങ്ങളും മുന്നണിയിൽ ചർച്ച ചെയ്യാതെ കൈക്കൊള്ളുന്നുവെന്ന അടൂർ പ്രകാശിന്റെ മുൻ വിമർശനങ്ങളുടെ തുടർച്ചയായാണ് പുതിയ പ്രതികരണങ്ങളും വിലയിരുത്തപ്പെടുന്നത്. എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനാക്കാനുള്ള തീരുമാനവും ജി. ദേവരാജനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതും സംബന്ധിച്ച് യുഡിഎഫിൽ ചർച്ച നടന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മുന്നണി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ യോഗം വിളിക്കണമെന്ന ആവശ്യവും അടൂർ പ്രകാശ് നേരത്തെ ഉന്നയിച്ചിരുന്നു. ഇതോടെ സർക്കാരിനുള്ളിലും മുന്നണിക്കുള്ളിലും ഏകോപനവും കൂടിയാലോചനയും സംബന്ധിച്ച തർക്കം വീണ്ടും ചർച്ചയായിരിക്കുകയാണ്.

Related Articles

Latest Articles