ദില്ലി: കേന്ദ്ര മന്ത്രിസഭയിൽ പുനസംഘടന ഉണ്ടാവുമെന്ന് സൂചനകൾ. ബിജെ പി സംഘടനാ അഴിച്ചുപണിയിൽ പുറത്തായ പല നേതാക്കളും മന്ത്രിസഭയിൽ ഇടം പിടിക്കുമെന്നാണു റിപ്പോർട്ട്. ഘടകകക്ഷികളിൽനിന്ന് ആരെയെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തുമോയെന്നു വ്യക്തമല്ല.
ശിരോമണി അകാലിദൾ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവയ്ക്കുകയും എൽജെപി മന്ത്രി രാം വിലാസ് പസ്വാൻ മരിക്കുകയും ചെയ്തതോടെ കാബിനറ്റിൽ ബിജെപി ഇതര മന്ത്രിമാർ ആരുമില്ലാതായി. 51 അംഗ മന്ത്രിസഭയിൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ രാംദാസ് അത്താവലെ മാത്രമാണ് ഇപ്പോൾ സഹമന്ത്രിയായി ഉള്ളത്.
1977നു ശേഷം ആദ്യമായാണ് കൂട്ടുകക്ഷി മന്ത്രിസഭയിൽ ഒരു പാർട്ടിയുടെ കാബിനറ്റ് മന്ത്രിമാർ മാത്രമാകുന്നത്.എൻഡിഎ സഖ്യത്തിൽ 24 രാഷ്ട്രീയ കക്ഷികളാണുള്ളത്. കഴിഞ്ഞ വർഷം ശിവസേനാ മന്ത്രിയായിരുന്ന അനന്ത് ഗീഥേ രാജിവച്ചു. പാർലമെന്റിൽ പാസാക്കിയ കാർഷിക ബില്ലുകളിൽ വിയോജിപ്പ് പ്രകടിപ്പിച്ചാണ് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രിയായിരുന്ന ഹർസിമ്രത്ത് കൗർ ബാദൽ രാജി വച്ചത്.
പതിനഞ്ച് എംപിമാരുള്ള നിതീഷ് കുമാറിന്റെ ജെഡിയു കേന്ദ്രമന്ത്രിസഭയിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. രണ്ടു കാബിനറ്റ് പദവി വേണമെന്ന ജെഡിയുവിന്റെ ആവശ്യം ബിജെപി തള്ളിയതാണു കാരണം. മന്ത്രിസഭയിൽ ചേരേണ്ടെന്ന നിലപാട് ജെഡിയു പുനഃ പരിശോധിച്ചിട്ടില്ല.

