Sunday, May 19, 2024
spot_img

നവരാത്രി വിഗ്രഹ എഴുന്നള്ളത്ത് ചടങ്ങുകള്‍ക്ക് തുടക്കമായി; ഉടവാള്‍ ഏറ്റുവാങ്ങി കടകംപളളി; തത്സമയ കാഴ്ച 10 മണി മുതല്‍ തത്വമയി നെറ്റ് വര്‍ക്കിലൂടെ

തക്കല: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് അനന്തപുരിയിലേക്കുള്ള നവരാത്രി വിഗ്രഹ എഴുന്നള്ളത്ത് ചടങ്ങുകള്‍ക്ക് തുടക്കമായി. എഴുന്നള്ളിപ്പിന് മുന്നോടിയായുളള പ്രധാന ചടങ്ങായ ഉടവാൾ കൈമാറ്റം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ നിന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഏറ്റുവാങ്ങി. പത്മനാഭപുരം തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളെ ആണ് എഴുന്നള്ളിക്കുന്നത്. നവരാത്രി വിഗ്രഹ എഴുന്നളളത്തിന്‍റെ ഇന്ന് മുതല്‍ ആരംഭിക്കുന്ന ചടങ്ങുകള്‍ മുതല്‍ അവസാനിക്കുന്നത് വരെയുളള എല്ലാ ചടങ്ങുകളും ഇന്ന് രാവിലെ 10 മണി മുതല്‍ പ്രേക്ഷകര്‍ക്ക് തത്സമയം തത്വമയി നെറ്റ് വര്‍ക്കിലൂടെ കാണാന്‍ സാധിക്കും.

എഴുന്നള്ളത്ത് 16 ന് വൈകിട്ട് നാലിന് കോട്ടയ്ക്കകത്ത് എത്തിച്ചേരും. തെപ്പക്കുളത്തിനു സമീപമുളള ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ നടന്ന പ്രത്യേക പൂജകൾക്ക് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എഴുന്നള്ളത്ത് ആരംഭിച്ചത്. ക്ഷേത്രത്തിനു മുന്നിൽ തമിഴ്നാട് പോലീസ് ആചാരപ്രകാരം ഗാർഡ് ഓഫ് ഓണർ നൽകി. നിലവിലുള്ള വലിയ പല്ലക്കിനു പകരം നാലുപേർക്ക് എടുക്കാൻ കഴിയുന്ന പല്ലക്കിലാണ് മുന്നൂറ്റിനങ്കദേവിയെ എഴുന്നള്ളിച്ചത്. തട്ടം, നിവേദ്യം, സ്വീകരണം എന്നിവ ഒഴിവാക്കിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ മൂന്നാർ ദേവി കല്‍ക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേര്‍ന്നു.

ശുചീന്ദ്രത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി വി ബദ്രി നാരായണൻ, ദേവസ്വം ജോയിന്റ് കമ്മീഷണർ എം അൻപുമണി, ശുചീന്ദ്രം ക്ഷേത്രമാനേജർ എം ഷണ്മുഖംപിള്ള, ബിജെപി ജില്ലാ പ്രസിഡന്റ് സി ധർമ്മരാജ്, ഹിന്ദു മുന്നണി ജില്ലാ പ്രസിഡന്റ് സി സോമന്‍, വൈസ് പ്രസിഡന്‍റ് വിപി അശോകൻ, വിഎച്ച്പി തമിഴ്നാട് ജോയിന്റ് സെക്രട്ടറി കാളിയൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Latest Articles