മലപ്പുറം: ലോകപ്രശസ്തിയാർജിച്ച നിലമ്പൂർ കാട്ടിലെ തേക്കുമരങ്ങൾ വെട്ടി പ്ലാവും മാവും നടുന്നു. വന്യജീവി സങ്കേതങ്ങളിലെയും ദേശീയോദ്യാനങ്ങളിലെയും തേക്ക് തോട്ടങ്ങൾ വെട്ടിയശേഷം സ്വാഭാവിക വനമാക്കുന്ന പദ്ധതിയാണ് വനംവകുപ്പ് നടപ്പാക്കുന്നത്. ആദ്യഘട്ടം പറമ്പിക്കുളത്തും രണ്ടാമത് കരിമ്പുഴ ഉൾപ്പെടെയുള്ള വന്യജീവി സങ്കേതങ്ങളിലും നടപ്പാക്കും. കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി ആരംഭിക്കും.
ജൈവവൈവിധ്യം സംരക്ഷിക്കുക, മൃഗങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക, ജലലഭ്യത ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം.പ്ലാവ്, മാവ് തുടങ്ങിയവ നട്ട് സ്വാഭാവിക വനമാക്കിയാൽ മൃഗങ്ങൾക്ക് തീറ്റ ലഭിക്കും. അവ നാട്ടിലേക്കിറങ്ങുന്നത് തടയാം. സ്വാഭാവിക വനം പദ്ധതി നടപ്പാക്കുമ്പോൾ തേക്കുകൾ വിറ്റ് സർക്കാരിന് വരുമാനവും ലഭിക്കും. ഒരേക്കർ മുതൽ അഞ്ച് ഏക്കർ വരെയുള്ള തേക്ക് തോട്ടങ്ങളാണ് തുടക്കത്തിൽ മുറിച്ചുമാറ്റുക. തൈകൾക്ക് പെൻസിങ് ഉൾപ്പെടെയുള്ള സുരക്ഷയൊരുക്കും. 10 വർഷംകൊണ്ട് സ്വാഭാവിക വനമാക്കാമെന്നാണ് കണക്കുകൂട്ടുന്നത്. പദ്ധതിക്കായി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബിഎൻ അഞ്ജന്കുമാർ അധ്യക്ഷനായ സംഘം പഠനറിപ്പോർട്ട് തയ്യാറാക്കി. ഇത് വനംമന്ത്രിക്ക് രേഖാമൂലം ലഭിക്കുന്ന മുറയ്ക്ക് കേന്ദ്രാനുമതിക്കായി സമർപ്പിക്കും.

