ലഖ്നൗ: ‘താണ്ഡവ്’ വെബ് സീരിസുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ബിജെപി. ചിത്രം ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടർന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും ഉൾപ്പെടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ ഈ ഖേദപ്രകടനം കൊണ്ടു മാത്രം കാര്യമില്ല എന്നാണ് ബിജെപി നിലപാട്. എല്ലാവരെയും ജയിലിൽ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവർ അറിയിച്ചിരിക്കുന്നത്. അതേസമയം സംഭവത്തില് യുപി മുഖ്യമന്തി യോഗി ആദിത്യനാഥും സീരിസിന്റെ അഭിനേതാക്കള്ക്കും അണിയറ പ്രവർത്തകര്ക്കും എതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു.
സംഭവത്തില് യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ് ശലഭ് മണി ത്രിപാഠിയുടെ ട്വീറ്റ് ഇപ്രകാരമായിരുന്നു. “മതവികാരം വ്രണപ്പെടുത്തിയതിനുള്ള വില നിങ്ങള് നൽകേണ്ടി വരും… അറസ്റ്റിനു തയ്യാറായി ഇരിക്കൂ, യുപി പോലീസ് ഒരു വാഹനത്തിൽ മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ” സംവിധായകൻ അലി അബ്ബാസ് സഫർ, നിർമ്മാതാവ് ഹിമാൻഷു മെഹ്റ, എഴുത്തുകാരൻ ഗൗരവ് സോളങ്കി, നടന്മാരായ സെയ്ഫ് അലി ഖാൻ, സീഷൻ അയ്യൂബ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെയുടെ കാര്യാലയത്തെ ടാഗു ചെയ്തുകൊണ്ട് “നിങ്ങൾ അവരുടെ രക്ഷയ്ക്ക് വരില്ലെന്ന് പ്രതീക്ഷിക്കുന്നു” എന്ന് അദ്ദേഹം കുറിച്ചു. ,
അതേസമയം ആമസോൺ പ്രൈമിലാണ് താണ്ഡവ് സംപ്രേഷണം ചെയ്യുന്നത്. മണിക്കൂറുകള് നീണ്ട ചര്ച്ചകള്ക്കൊടുവിലും നേതാക്കൾ ചെലുത്തിയ സമ്മർദ്ദങ്ങൾക്കുമൊടുവിലാണ് താണ്ഡവ് ടീം ഇന്നലെ ക്ഷമ ചോദിക്കാൻ നിർബന്ധിതരായത്. എന്നാൽ നിങ്ങളുടെ ക്ഷമാപണം മാത്രം പര്യാപ്തമല്ലെന്ന് ഞങ്ങൾ വ്യക്തമാക്കുകയാണ്. എല്ലാവരെയും ജയിലിൽ ആക്കുന്നത് വരെ ഞങ്ങൾ കാത്തിരിക്കും. ആമസോൺ ഉത്പ്പന്നങ്ങൾ വിലക്കണമെന്ന പ്രചാരണം കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്ന് ബിജെപി നേതാവ് രാം കദം അറിയിച്ചു.
അതേസമയം ഹൈന്ദവ വികാരങ്ങളെ മാനിക്കുന്ന തരത്തിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ പെരുമാറേണ്ട സമയം അതിക്രമിച്ചു എന്നാണ് ബിജെപി മീഡിയ തലവൻ വിശ്വാസ് പതക് പറയുന്നത്. ‘ഹിന്ദുത്വം എന്ന തങ്ങളുടെ അടിസ്ഥാനഘടകം ശിവ സേന മറന്നിരിക്കുകയാണ്. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ അവർ ഇപ്പോൾ പരിഗണിക്കുന്നതേയില്ല കാരണം ഈ വികാരങ്ങളെ ബഹുമാനിക്കാത്ത പാർട്ടികളുമായി ചേർന്നാണ് അവരിപ്പോൾ ഭരണത്തിലിരിക്കുന്നത്. ആമസോണിനും താണ്ഡവ് നിർമ്മാതാക്കൾക്കുമെതിരെ വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ഞങ്ങൾ പ്രതിഷേധം ശക്തമാക്കും’ എന്നും വിശ്വാസ് വ്യക്തമാക്കി. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ബിജെപി നേതാവ് രാം കദമിന്റെ നേതൃത്വത്തിൽ ബികെസി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആമസോൺ ഓഫീസിലെത്തി ചർച്ചകൾ നടത്തിയത്. അതേസമയം താണ്ഡവ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്. എന്നാല് സീരിസിലെ ആക്ഷേപകരമായ രംഗങ്ങള് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തിയിരുന്നു.

