തൃശൂര്‍: തൃശൂരില്‍ ഇനി ആഘോഷത്തിന്റെ പൂരനാളുകള്‍.
തൃശൂര്‍ പൂരത്തിന് ആവേശത്തോടെ കൊടിയേറ്റം. പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകക്ഷേത്രങ്ങളിലും പൂരത്തിന് ആരംഭം കുറിച്ച് ഇന്ന് കൊടിയേറി.
പൂരപ്രേമികളുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പും ഒരുക്കങ്ങളും അത്യധികം പ്രതീക്ഷയോടെ കൊടിക്കൂറകള്‍ക്കൊപ്പം ഇന്ന് വാനിലേക്ക് ഉയര്‍ന്നു പൊങ്ങി. പൂരത്തിന് സമാരംഭം കുറിച്ച് തൃശൂരുകാരുടെ അഭിമാനമായി പത്ത് ക്ഷേത്രങ്ങളില്‍ കൊടിയേറി . തിരുവമ്പാടി ക്ഷേത്രത്തില്‍ ശീവേലിക്ക് ശേഷം രാവിലെ 11.30 ന് ദേശക്കാര്‍ ചേര്‍ന്നാണ് കൊടിമരമുയര്‍ത്തിയത്. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
പാറമേക്കാവ് ക്ഷേത്രത്തില്‍ 12 മണിക്ക് കൊടിയേറി. തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു . ശേഷം പാറമേക്കാവ് തിരുവമ്പാടി ദേവിമാര്‍ പുറത്തേയ്‌ക്കെഴുന്നള്ളി. പാറമേക്കാവ് ഭഗവതിയുടെ പുറത്തെഴുന്നള്ളത്തിന് പെരുവനം കുട്ടന്‍മാരാര്‍ മേള പ്രമാണിയായി.
ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതിക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതിക്ഷേത്രം, ചൂരക്കാട്ടുകര ഭഗവതിക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതിക്ഷേത്രം എന്നീ ഘടകക്ഷേത്രങ്ങളിലും കൊടിയേറി.
പൂരം വെടിക്കെട്ടില്‍ ഓലപ്പടക്കം പൊട്ടിക്കുന്നതിനു പെസൊ അനുമതി നല്‍കിയത് പൂരം പൊടിപൂരമാകും. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. അമിട്ടും ഗുണ്ടും കുഴിമിന്നലും ഓലപ്പടക്കവും പൊട്ടിക്കുന്നതിനു നേരത്തെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.
എന്നാല്‍ സുരക്ഷാ ഏജന്‍സിയായ പെസോ ഓലപ്പടക്കത്തിന് അനുമതി നല്‍കിയില്ല. കൂട്ടിക്കെട്ടുന്ന പടക്കം അനുവദിക്കാനാകില്ലെന്നായിരുന്നു നിലപാട്. എന്നാല്‍ അതു ഡിസ്‌പ്ലേ വെടിക്കെട്ടിനുള്ള ഉത്തരവല്ലെന്നും വ്യക്തികള്‍ പടക്കം പൊട്ടിക്കുമ്പോഴുള്ള നിയന്ത്രണമാണെന്നും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു

