Tuesday, April 30, 2024
spot_img

തെച്ചിക്കോട്ട് രാമചന്ദ്രന് തൃശൂര്‍പൂരത്തില്‍ വിലക്ക്: നിലപാട് കടുപ്പിച്ച് ആന ഉടമകളുടെ സംഘം


തൃശൂര്‍: തെച്ചിക്കോട്ട് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ നിന്നും ഒഴിവാക്കിയതിനെതിരെ നിലപാട് കടുപ്പിച്ച് ആന ഉടമകളുടെ സംഘം. വിലക്ക് നീക്കാതെ തൃശ്ശൂര്‍ പൂരത്തിന് കേരള എലിഫെന്റ് ഓണേഴ്സ് ഫെഡറേഷനു കീഴിലുള്ള ഒരാനകളേയും ഉത്സവങ്ങള്‍ക്ക് വിട്ടു നല്‍കില്ലെന്ന് ആന ഉടമകള്‍ അറിയിച്ചു.

തൃശൂര്‍ പൂരം അട്ടിമറിക്കാനുള്ള ഗുഢനീക്കത്തിന്റെ ഫലമാണ് തെച്ചിക്കോട്ട് രാമചന്ദ്രനെ വിലക്കാനുള്ള കാരണമെന്നും ഉടമകള്‍ അറിയിച്ചു. ആനകളെ പീഡിപ്പിച്ച് ഉടമകള്‍ കോടികള്‍ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും സംഘടന വ്യക്തമാക്കി.

ഉത്സവം നാടിന്റെ ആഘോഷമാണ്. ഉടമകള്‍ക്ക് കാശുണ്ടാക്കുന്നതിനുള്ള മാര്‍ഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്‌കരണം തുടരുമെന്നും സംഘടന പറഞ്ഞു.

വനം വകുപ്പ് ഉദ്യോസ്ഥര്‍ വനം മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. സര്‍ക്കാര്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. വനം മന്ത്രിയുടെ തീരുമാനം നിരുത്തരവാദപരമാണെന്നും ആന ഉടമകള്‍ അറിയിച്ചു.

മെയ് 11 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ക്കോ പൊതു പരിപാടികള്‍ക്കോ ആനകളെ വിട്ടുനല്‍കേണ്ട എന്ന തീരുമാനത്തിലാണ് ഫെഡറേഷന്‍.

ഈ തീരുമാനത്തില്‍ ഒരു സമ്മര്‍ദ്ദത്തിനു തയ്യാറല്ലെന്നും ആന ഉടമകള്‍ അറിയിച്ചു. ആന ഉടമകള്‍ തൃശ്ശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ കഴിയാത്ത വിധത്തില്‍ അക്രമ സ്വഭാവമുള്ളതും,അപകടകാരിയുമായ ആനയാണ് തെച്ചിക്കോട്ട് രാമചന്ദ്രനെന്ന് വനം മന്ത്രി കെ രാജു അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതിഷേധവുമായി ആനപ്രേമികള്‍ രംഗത്ത് എത്തിയിരുന്നു.

Related Articles

Latest Articles