Friday, May 17, 2024
spot_img

അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്; ആംആദ്മി- കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

ദില്ലി; മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ പ്രസം​ഗിച്ച അമിത് ഷായുടെ വീഡിയോ എഡിറ്റ് ചെയ്ത് സംവരണത്തിനെതിരെ സംസാരിക്കുന്ന രീതിയിലാക്കി പ്രചരിപ്പിച്ച കേസിൽ ആംആദ്മി- കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ​ഗുജറാത്ത് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനിയുടെ പേഴ്‌സണൽ അസിസ്റ്റൻ്റ് സതീഷ് വൻസോല, ആംആദ്മി പ്രവർത്തകൻ ആർവി വാരി എന്നിവരാണ് അറസ്റ്റിലായത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു കോൺ​ഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിന്റെ ഭാ​ഗമായി സമാജ് വാദി, കോൺഗ്രസ് പാർട്ടി നേതാക്കൾക്ക് പൊലീസ് നോട്ടീസ് അയച്ചു. കേസിൽ ദില്ലി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പൊലീസിന്റെ വിവിധ സംഘങ്ങൾ ഝാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പ്രതിപക്ഷ പാർട്ടികൾക്ക് മറുപടിയുമായി അമിത് ഷാ രം​ഗത്തെത്തിയിരുന്നു. കോൺ​ഗ്രസാണ് തനിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതെന്നും ഇത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണവും വീഡിയോയുമാണെന്നും അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞ വർഷം തെലങ്കാനയിൽ നടത്തിയ പ്രസം​ഗത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോ​ഗിച്ചാണ് പ്രതിപക്ഷം വ്യാജ വീഡിയോ നിർമിച്ചത്. സംഭവത്തിന് പിന്നാലെ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ദില്ലി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

Related Articles

Latest Articles