Monday, May 20, 2024
spot_img

ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന പ്രസിഡന്റും; വിവാദങ്ങൾ അവസാനിക്കുന്നില്ല

കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പി എച്ച് ആയിഷ ബാനുവാണ് ഹരിതയുടെ സംസ്ഥാന പ്രസിഡന്‍റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിൻവലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹരിത സംസ്ഥാന കമ്മിറ്റി ലീഗ് നേതൃത്വം പിരിച്ചു വിട്ടിരുന്നു.

അതിന് പകരമായുള്ള പുതിയ കമ്മിറ്റിയെ ഇപ്പോള്‍ പ്രഖ്യാപിച്ചതും ലീഗ് സംസ്ഥാന നേതൃത്വം തന്നെയാണ്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ഇപ്പോഴത്തെ പ്രസിഡന്‍റ് ആയിഷ ബാനു. ജനറല്‍ സെക്രട്ടറിയായ റുമൈസ റഫീഖ് നേരത്തെ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റും ട്രഷററായ നയന സുരേഷ് മലപ്പുറം ജില്ലാ ഭാരവാഹിയും ആയിരുന്നു. ഹരിത വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുന്‍ ഭാരവാഹികള്‍ക്ക് നി​ഗൂഡ ലക്ഷ്യങ്ങളുണ്ടായിരുന്നു എന്നും ലീ​ഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.

ജൂണ്‍ 22 ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് പഴയ ഹരിത സംസ്ഥാന കമ്മിറ്റിയിലെ 10 നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്‍റെയും പ്രതികരണമെന്നായിരുന്നു ഹരിത നേതാക്കള്‍ പറഞ്ഞത്.

എന്നാല്‍ പാര്‍ട്ടിക്ക് കിട്ടിയ പരാതിയില്‍ തീരുമാനം വരും മുമ്പേ വനിതാ കമ്മീഷന് പരാതി നല്‍കിയ ഹരിത നേതാക്കളുടെ നടപടി അച്ചടക്ക ലംഘനമെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്‍റെ പൊതുവികാരം. സമവായ ചര്‍ച്ചകളെത്തുടര്‍ന്ന് ‌നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പല്ല സംഘടനാ തലത്തിലുളള നടപടിയാണ് വേണ്ടതെന്ന നിലപാടിലായിരുന്നു ഹരിത നേതാക്കള്‍. നവാസ് അടക്കമുളള എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ നടപടിയെടുക്കാതെ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ഹരിത. ഇതിന് പിന്നാലെ ഹരിത നേതാക്കള്‍ അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി പിരിച്ചുവിടുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles