Friday, May 3, 2024
spot_img

കൊടി സുനിയുടെ വധഭീഷണി ആരോപണം ജയിൽമാറ്റത്തിനുള്ള തന്ത്രം; വിയ്യൂര്‍ ജയിലില്‍ പ്രതികള്‍ക്ക് പോലീസിന്റെ ഒത്താശ; സൂപ്രണ്ടിന്റെ ഓഫീസില്‍ ഇരുന്ന് പ്രതികള്‍ ഫോണ്‍ വിളിച്ചതായി കണ്ടെത്തല്‍

തൃശ്ശൂർ : ജയിലിൽ വധ ഭീഷണിയുണ്ടെന്ന ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ വാദം അടവാണെന്ന് സൂചന. ഇക്കഴിഞ്ഞ ദിവസമാണ് ജയിൽമാറ്റം ആവശ്യപ്പെട്ട് സുനി രംഗത്തുവന്നത്. തനിക്ക് വധഭീഷണിയുണ്ടെന്നും അതുകൊണ്ട് ജയിൽ മാറ്റണമെന്നുമായിരുന്നു കൊടി സുനി ആവശ്യപ്പെട്ടത്. എന്നാൽ ഇത് ജയിൽ മാറ്റത്തിനുവേണ്ടിയുള്ള പ്രതിയുടെ അടവായിരുന്നെന്നാണ് കണ്ടെത്തൽ. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറുകയാണ് സുനിയുടെ ലക്ഷ്യം. അടുത്തിടെ ഇയാളുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടികൂടുകയും, പ്രത്യേക പരോളിൽ നിന്നും തഴയപ്പെടുകയും ചെയ്തു.

ഇതേ തുടർന്നാണ് നിലവിൽ കഴിയുന്ന വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂരിലേക്ക് പോകാനുള്ള നീക്കം. ഇതിന് സുനി പ്രയോഗിച്ച സമ്മർദ്ദ തന്ത്രമാണ് വധഭീഷണിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. കൊടുവള്ളി സ്വർണക്കടത്ത് സംഘം തന്നെ വധിക്കാൻ ജയിലിലെ സഹതടവുകാർക്ക് ക്വട്ടേഷൻ നൽകിയിട്ടുണ്ടെന്നാണ് കൊടി സുനി പറയുന്നത്. എന്നാൽ ഇയാൾ ആരോപണം ഉന്നയിക്കുന്ന തടവുകാരെല്ലാം ഇത് നിഷേധിച്ചു. ഇതോടെയാണ് സുനി കള്ളം പറയുകയാണെന്ന സൂചനകൾ ലഭിച്ചത്.

അതേസമയം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശ നല്കുന്നതായുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. സൂപ്രണ്ടിന്റെ ഓഫീസില്‍ ഇരുന്ന് പ്രതികള്‍ ഫോണ്‍ വിളിച്ചതായി കണ്ടെത്തി. ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജയില്‍ സൂപ്രണ്ട് എ. ജി സുരേഷ് ഉള്‍പ്പെടെയുള്ളവരാണ് അനധികൃത ഫോണ്‍ വിളിക്ക് ഒത്താശ ചെയ്തത്. ടി. പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ ഫോണ്‍ ദുരുപയോഗവും ഇതോടൊപ്പം സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണ്‍വിളി വിവാദത്തില്‍ സൂപ്രണ്ട് എ.ജി.സുരേഷിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന റിപ്പോര്‍ട്ട് ഡിഐജി എം. കെ വിനോദ്കുമാര്‍, ജയില്‍ മേധാവി ഷേക് ദര്‍വേഷ് സാഹേബിനു കൈമാറി.

Related Articles

Latest Articles