Thursday, October 29, 2026

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 130 വർഷം പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണു; പ്ലാറ്റ്‌ഫോമിൽ ആളില്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

ശക്തമായ മഴയ്ക്കിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു. സ്റ്റേഷനിലെ രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകൾക്കിടയിൽ സ്ഥിതി ചെയ്തിരുന്ന, 130 വർഷത്തോളം പഴക്കമുള്ള ക്ലോക്ക് ടവറാണ് വ്യാഴാഴ്ച രാവിലെ പതിനൊന്നേകാലോടെ പൂർണ്ണമായി തകർന്നടിഞ്ഞത്. അപകടസമയത്ത് പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാലും നിർത്തിയിട്ടിരുന്ന തീവണ്ടിയിൽ ആളുകൾ കയറാതിരുന്നതിനാലും മാത്രമാണ് വലിയൊരു ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്. മുകളിലെ മേൽക്കൂര ഉൾപ്പെടെയുള്ള വൻ അവശിഷ്ടങ്ങൾ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലേക്കാണ് പതിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് ജില്ലയിൽ തുടരുന്ന അതിശക്തമായ മഴയെത്തുടർന്നാണ് കെട്ടിടം തകർന്നതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന് ഗുരുതരമായ വിള്ളലുകളുണ്ടെന്നും കാലപ്പഴക്കം മൂലം ഏതുനിമിഷവും തകരാവുന്ന അവസ്ഥയിലാണെന്നും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. തുടർന്ന് പരിഹാരമാർഗ്ഗങ്ങളെക്കുറിച്ച് റെയിൽവേ അധികൃതർ ആലോചനകൾ നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് രാവിലെ റെയിൽവേ ജീവനക്കാർ ഇവിടെയെത്തി പരിശോധന നടത്തി മടങ്ങിയിരുന്നു.

അപകടത്തെത്തുടർന്ന് മംഗലാപുരം – തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ്സ് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾ വൈകിയാണ് ഓടുന്നത്. നിലവിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകളിലേക്ക് യാത്രക്കാർ പ്രവേശിക്കുന്നത് റെയിൽവേ പൂർണ്ണമായി തടഞ്ഞിരിക്കുകയാണ്.
അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ട്രെയിൻ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കാനുമുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.

Related Articles

Latest Articles