പത്തനംതിട്ട കുമ്പഴയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി (ഒന്ന്). തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യനെയാണ് കോടതി ശിക്ഷിച്ചത്. കൊലപാതകം, പീഡനം, ക്രൂരമായ മർദ്ദനം, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളിൽ പ്രതി കുറ്റക്കാരനാണെന്ന് ഇക്കഴിഞ്ഞ അഞ്ചാം തീയതി കോടതി വിധിച്ചിരുന്നു.
2021 ഏപ്രിൽ 5ന് കുമ്പഴയിലെ വാടകവീട്ടിലായിരുന്നു കൊലപാതകം നടന്നത്. ദേഹത്ത് ഒട്ടേറെ മുറിവുകളോടെ കുഞ്ഞിനെ വീട്ടിൽവച്ച് അമ്മ തന്നെയാണ് കണ്ടത്. ഇക്കാര്യം ചോദിച്ച യുവതിയെ അലക്സ് മർദിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. വൈകാതെ പോലീസ് അലക്സിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.കുഞ്ഞിന്റെ ശരീരത്തിൽ 67 മുറിവുകളുണ്ടെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. 2021 ജൂലൈ 5ന് പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചു. തമിഴ്‌നാട്ടിൽ വച്ചും ഇയാൾ കുട്ടിയെ ഉപദ്രവിച്ച കാര്യം അന്വേഷണത്തിൽ കണ്ടെത്തി. പ്രതി തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റം തെളിയിക്കാൻ പോലീസിനു കഴിഞ്ഞില്ല. പ്രതി ലഹരിക്കടിമയായിരുന്നു. പ്രതി ഇതിനിടെ ഒന്നിലധികം തവണ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.

